Join News @ Iritty Whats App Group

തീ നിയന്ത്രണാതീതം, കപ്പല്‍ കത്തിയമരുന്നു, കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് അടുക്കാനാകുന്നില്ല, കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നുവെന്ന് റിപ്പോര്‍ട്ട്


കോഴിക്കോട്/കൊച്ചി: അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായില്ലെന്ന് റിപ്പോർട്ട്.  കപ്പൽ കത്തിയമരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. തീ പടരുകയാണ്.

കോസ്റ്റ് ​ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ​ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർ​ഗം മം​ഗലാപുരത്ത് എത്തിക്കാനാണ് ആലോചന. പരിക്കേറ്റവരെല്ലാം നിലവിലുള്ളത് ഐഎൻഎസ് സൂറത്തിലാണ്.

ചരക്ക് കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം 18 പേരെ രക്ഷപ്പെടുത്തി. 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. നാലുപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. തനിയെ തീപിടിക്കുന്നത് ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് തനിക്ക് വിവരം ലഭിച്ചതെന്ന് തീപിടിത്തമുണ്ടായതിന് 44 നോട്ടിക്കൽ മൈൽ അകലെ സ്ഥിതി ചെയ്യുന്ന അഴീക്കൽ പോർട്ടിന്റെ ഓഫീസറും വ്യക്തമാക്കി.

അഴീക്കലിനും ബേപ്പൂരിനുമിടയിൽ അന്തർദേശീയ കപ്പൽ പാതയിലാണ് ചരക്ക് കപ്പലിൽ തീപിടിത്തവും പൊട്ടിത്തെറിയുണ്ടായത്. രാവിലെ ഒൻപതരയോടെയാണ് കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂർ കപ്പലിൽ അപകടമുണ്ടായത്.ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ചൈന മ്യാന്മാര്‍, ഇന്തോനേഷ്യ, തായ്ലാൻഡ് പൗരന്മാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group