ടെഹ്റാൻ: ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു. കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും പ്രസ്താവനയിൽ പറയുന്നു.
മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്- "സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കും"- ഖമേനി പറയുന്നു.
ഇറാനെ ആക്രമിക്കാൻ ഇസ്രയേലിന് സഹായം നൽകിയിട്ടില്ല എന്നാണ് അമേരിക്ക വ്യക്തമാക്കിയത്. എന്നാൽ അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു.
ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. കുറഞ്ഞ സമയം കൊണ്ട് ഇറാൻ സ്വന്തമാക്കിയ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ കണക്ക് നിരത്തിയാണ് ഇസ്രയേലിന്‍റെ ന്യായീകരണം. 2023ൽ 5164 കിലോഗ്രാം യുറേനിയും ഉണ്ടായിരുന്ന ഇറാൻ ഇപ്പോൾ അത് 7264 കിലോയാക്കി ഉയർത്തി. പ്രതിരോധിക്കുകയല്ലാതെ മാർഗമില്ലെന്നാണ് ഇസ്രയേലിന്‍റെ ന്യായീകരണം. ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ റവല്യൂഷനറി ഗാർഡ് തലവൻ ഹൊസൈൻ സലാമി കൊല്ലപ്പെട്ടു. രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. നിലവിലെ സൈനിക ഓപ്പറേഷൻ എത്ര ദിവസം വേണമെങ്കിലും തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
Post a Comment