Join News @ Iritty Whats App Group

ദുരന്തത്തിന് മിനിറ്റുകൾ മുമ്പ് എടുത്ത സെൽഫി കണ്ണീരോർമയായി; ഡോക്ടർമാരായ ദമ്പതികളും മൂന്ന് മക്കളും മരിച്ചവരിൽ


അഹ്മദാബാദ്: 242 പേരെയുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ അഹ്മദാബാദ് - ഗ്യാറ്റ്വിക് വിമാനത്തിലെ യാത്രക്കാരിൽ ജീവനോടെ അവശേഷിക്കുന്നത് ഇപ്പോൾ ഒരാൾ മാത്രമാണ്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങുകയാണ് ദുരന്തത്തിനിരയായവരുടെ ഉറ്റവരെല്ലാം. 204 മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്താൻ നടപടി തുടങ്ങിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ നൊമ്പരമാവുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു ഡോക്ടർ ദമ്പതികളുടെയും അവരുടെ മൂന്ന് മക്കളുടെയും ചിത്രം.

യാത്ര തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് വിമാനത്തിൽ കയറിയ ശേഷം ഇവർ എടുത്ത് പ്രിയപ്പെട്ടവർക്ക് കൈമാറിയ സെൽഫിയാണ് പുറത്തുവന്നത്. ഉദയ്പൂരിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. കോമി വ്യാസ് ഭർത്താവായ ഡോ. പ്രതീക് ജോഷിക്കും മൂന്ന് മക്കൾക്കുമൊപ്പമാണ് യുകെയിലേക്ക് വിമാനം കയറിയത്. ഉദയ്പൂരിലെ ജോലി രാജിവെച്ച് ഭർത്താവിനൊപ്പം യുകെയിൽ താമസം തുടങ്ങുന്നതിന്റെ എല്ലാ സന്തോഷവും കോമിയുടെയും അതുപോലെ തന്നെ മക്കളുടെയും മുഖത്ത് കാണാം. ഭർത്താവ് ഡോ. പ്രതീക് ജോഷിയാണ് ഈ ചിത്രം പകർത്തിയത്.

അടുത്തടുത്ത സീറ്റുകളിൽ ഡോ. പ്രതീകും ഡോ. കോമിയും ഇരിക്കുമ്പോൾ തൊട്ട് എതിർവശത്തെ സീറ്റിലാണ് മൂന്ന് മക്കളും. മൂത്തത് എട്ട് വയസുകാരിയായ മകളും ഇളയത് രണ്ട് ഇരട്ട ആൺകുട്ടികൾ അഞ്ച് വയസുകാരുമാണ്. ദമ്പതികൾ രണ്ട് പേരും ഉദയ്പൂരിലെ പസിഫിക് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നതെന്ന് ഇവരുടെ കുടുംബവുമായി അടുപ്പമുള്ള നാട്ടുകാർ പറയുന്നു. ഡോ. പ്രതീപ് കുറച്ച് മാസങ്ങൾ മുമ്പ് ലണ്ടനിലേക്ക് പോയി. കുറച്ച് ദിവസം മുമ്പാണ് അദ്ദേഹം ഭാര്യയെയും മക്കളെയും കൂടി യുകെയിലേക്ക് കൊണ്ടുപോകാനായി നാട്ടിലെത്തിയത്. ഡോ. കോമിയും ജോലി രാജിവെച്ച് യുകെ യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എന്ന് ആശുപത്രി വക്താവ് പറഞ്ഞു.

ഡോ. പ്രതീക് ഉദയ്പൂരിലെ അറിയപ്പെടുന്ന റേഡിയോളജിസ്റ്റുമാരിൽ ഒരാളായിരുന്നു എന്ന് അയൽക്കാർ പറഞ്ഞു. പത്ത് വർഷം മുമ്പായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. കോമിയുടെ പിതാവ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഇന്നലെയാണ് ഇവർ അഹ്മദാബാദിലേക്ക് യാത്ര ചെയ്തത്. അവിടെ നിന്ന് യുകെയിലേക്ക് എയർ ഇന്ത്യ വിമാനത്തിലെ യാത്രയായിരുന്നു പദ്ധതി. രണ്ട് പേരുടെയും കുടുംബത്തിലെ നിരവധിപ്പേർ ഇവരെ യാത്രയാക്കാൻ എത്തിയിരുന്നു. തൊട്ടടുത്ത ദിവസം എല്ലാവരെയും സങ്കടത്തിലാഴ്ത്തി ദുരന്ത വാർത്തയും ഇവരെ തേടിയെത്തി.

Post a Comment

Previous Post Next Post
Join Our Whats App Group