Join News @ Iritty Whats App Group

ചക്രവാത ചുഴി ന്യൂനമര്‍ദ്ദമായി, ഒപ്പം മറ്റൊരു ന്യൂനമര്‍ദ്ദവും; കേരളത്തിൽ അഞ്ച് ദിവസം വ്യാപക മഴയും കാറ്റും


തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം, കേരളത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും. ഇന്നും നാളെയും (ജൂൺ 17 -18 ) ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .ജൂൺ 17 മുതൽ 18 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.

ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർകോടുമാണ് റെഡ് അലർട്ടുള്ളത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മറ്റന്നാൾ വരെ മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം

Post a Comment

Previous Post Next Post
Join Our Whats App Group