റിയാദ്: രാജ്യത്തെ ബഖാലകളിൽ (മിനി സൂപ്പർ മാർക്കറ്റ്) ഇനി സിഗരറ്റും മറ്റ് പുകയില ഉല്‍പന്നങ്ങളും പഴം പച്ചക്കറികളും ഇറച്ചിയും വിൽക്കാനാവില്ല. മുനിസിപ്പൽ ഗ്രാമീണ ഭവനകാര്യ മന്ത്രാലയം ഇവയുടെ വിൽപന നിരോധിച്ചുകൊണ്ട് നിയമ പരിഷ്കാരം നടപ്പാക്കി. ബഖാല (മിനി സൂപ്പർ മാർക്കറ്റ്), സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയുടെ നടത്തിപ്പിന് നിലവിലുള്ള നിയമാവലിയിലാണ് ഭേദഗതി വരുത്തിയത്.
ബഖാലകളിലും ചെറുകിട സ്റ്റാളുകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സിഗരറ്റും ഇലക്‌ട്രോണിക് സിഗരറ്റും ഹുക്കയും പുകയിലയും വിൽക്കാൻ പാടില്ല. എന്നാൽ ഇവയെല്ലാം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍ക്കാം. അതേസമയം സൂപ്പർ മാര്‍ക്കറ്റുകളില്‍ ഇറച്ചി വില്‍പനക്ക് പ്രത്യേക ലൈസന്‍സ് നേടണം. എന്നാൽ, ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈ വകതിരിവുകളില്ല. ഈ പറഞ്ഞ എല്ലാത്തരം ഉല്‍പന്നങ്ങളും വില്‍ക്കാന്‍ അനുമതിയുണ്ട്. പ്രീ-പെയ്ഡ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപ്പണുകള്‍, മൊബൈൽ ഫോൺ ചാര്‍ജറുകള്‍ എന്നിവ ബഖാലകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കാന്‍ അനുമതിയുണ്ട്. മുനിസിപ്പൽ കാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ ആണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
പുതിയ നിയമപ്രകാരം ബഖാലകൾക്ക് മിനിമം 24 ചതുരശ്രമീറ്റർ വിസ്തീർണം ഉണ്ടായിരിക്കണം. സൂപ്പര്‍മാര്‍ക്കറ്റുകൾക്ക് മിനിമം 100 ചതുരശ്രമീറ്ററും ഹൈപ്പര്‍ മാര്‍ക്കറ്റുകൾക്ക് മിനിമം 500 ചതുരശ്രമീറ്ററുമാണ് ആവശ്യമായ വിസ്തീർണം. പുതിയ നിയമം നടപ്പായെങ്കിലും എന്നാല്‍ നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് പദവി ശരിയാക്കാന്‍ ആറു മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
Post a Comment