കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ശേഷം വിനോദ സഞ്ചാരമേഖല പതിയെ ഉണര്‍ന്നുവരുന്നതെയുണ്ടായിരുന്നുള്ളൂ. എന്നാല്‍ അടിക്കടി എത്തുന്ന അതിതീവ്രമഴ പ്രതിസന്ധിയാവുകയാണ് വയനാട്ടില്‍. മഴ കനത്തതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കലക്ടർ. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ദുരന്ത സാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ച് ഉത്തരവിറങ്ങിയത്.
ഈ മഴക്കാലം വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുന്നത്. വയനാട്ടിലെ ഏതാണ്ട് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ദുര്‍ബല പ്രദേശങ്ങളിലോ അത്തരം മേഖലക്കടുത്തോ സ്ഥിതി ചെയ്യുന്നതാണ്. മഴ കനത്താല്‍ ഇവിടങ്ങളിലേക്കുള്ള റോഡുകളിലൂടെയുള്ള യാത്രയടക്കം സുരക്ഷിതമല്ലാതെ ആയതോടെയാണ് മഴ ശക്തമായാല്‍ അടച്ചിടേണ്ടി വരുന്നത്. ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്താറുള്ളത്. ശക്തമായ മഴയില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുകയാണ് പതിവ്. സൂചിപ്പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങളും മുത്തങ്ങ വന്യജീവി സങ്കേതവും ഇതിനോടകം തന്നെ അടച്ചു കഴിഞ്ഞു.
ചരിത്ര അന്വേഷികളടക്കം നിരവധി സഞ്ചാരികള്‍ എത്തുന്ന എടക്കല്‍ ഗുഹയിലേക്കുള്ള പ്രവേശനവും താല്‍ക്കാലികമായി വിലക്കിയിരിക്കുകയാണ്. ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തിമലയില്‍ പലയിടങ്ങളിലും വിള്ളല്‍ രൂപപ്പെട്ടിരുന്നതായി മുമ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. മാത്രമല്ല മലയുടെ ചില ഭാഗങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമാണ്. ഓരോ തവണ മഴ ശക്തമാകുമ്പോഴും വിനോദ സഞ്ചാരികളെ വിലക്കാതെ വേറെ മാര്‍ഗ്ഗമില്ലാത്ത സ്ഥിതിയാണ്.
ടൂറിസം കേന്ദ്രങ്ങള്‍ക്ക് പുറമെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കും നിയന്ത്രണമുണ്ട്. വയനാട്ടില്‍ യന്ത്രസഹായത്തോടെ മണ്ണ് നീക്കംചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ല കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചിട്ടുണ്ട്.
إرسال تعليق