Join News @ Iritty Whats App Group

ഹജ്ജ് നിർവ്വഹിക്കാനെത്തിയ മൂന്ന് മലയാളി തീർത്ഥാടകർ മരിച്ചു

മക്ക: മൂന്ന് മലയാളി ഹജ്ജ് തീർത്ഥാടകർ മക്കയിലും മദീനയിലുമായി മരിച്ചു. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയവരാണ് മൂന്ന് പേരും. മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടിരി സ്വദേശി പാച്ചേരി അലവിക്കുട്ടി (61) ആണ് മരിച്ചവരിൽ ഒരാൾ. വ്യാഴാഴ്ച അസർ നമസ്കാര സമയത്ത് മസ്ജിദുന്നബവിയിൽ വെച്ച് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള അൽസലാം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൊയ്തീൻ കുട്ടി - കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സക്കീനയും ഹജ്ജ് നിർവഹിക്കുന്നതിനായി ഇദ്ദേഹത്തോടൊപ്പം എത്തിയിരുന്നു.

തിരുവനന്തപുരം പുതുശ്ശേരിമുക്ക് ഹാഷിം മൻസിലിൽ മുഹമ്മദ് കുഞ്ഞ് (70) മക്കയിൽ മരിച്ചു. ഭാര്യ ശംസാദ് ബീ​ഗം, മകളും പ്രമുഖ ​ഗസൽ ​ഗായികയുമായ ഇംതിയാസ് ബീ​ഗം എന്നിവരോടൊപ്പമാണ് ഇദ്ദേഹം ഹജ്ജ് നിർവഹിക്കാനെത്തിയത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കിങ് അബ്ദുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു.

കാസർ​കോട് ആലമ്പാടി റഷീദ് മൻസിലിൽ സുബൈർ അബ്ദുല്ല (50) ആണ് മരണപ്പെട്ട മറ്റൊരാൾ. മക്കയിൽ വെച്ചായിരുന്നു മരണം. അബ്ദുല്ല ഹാജി - ബീപാത്തുമ്മ ദമ്പതികളുടെ മകനാണ്. മാതാവിനോടൊപ്പമാണ് ഹജ്ജിനെത്തിയത്. ഹജ്ജ് കർമങ്ങൾക്കിടെ അസുഖബാധിതനായ ഇദ്ദേഹത്തെ ഹജ്ജ് ദിനത്തിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മക്കയിലെ അൽ നൂർ ആശുപത്രിയിൽ രണ്ടാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ഫമീദയാണ് ഭാര്യ. മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group