തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ സൂംബാ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സൂംബാ ഡാൻസ് വാമിംഗ് അപ്പ് മാത്രമാണെന്നും അത് അടിച്ചേൽപ്പിക്കുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എതിര് പറയുന്നവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. നിലവിൽ സമസ്തയുടെ യുവജന വിഭാഗവും മുജിഹിദീൻ വിഭാഗവും സൂംബക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ധാർമികതയ്ക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്ന് എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു. വിവിധ നൃത്തങ്ങളുടെയും ഫിറ്റ്നസ് വ്യായാമങ്ങളുടെയും സംയോജനമാണ് സൂംബ ഡാൻസ്. സംഗീതവും നൃത്തവും ചേർന്ന വർക്കൗട്ടാണ് ഇത്. മറ്റ് വ്യായാമങ്ങളിൽ നിന്ന് വ്യത്യസ്തമായി, പാട്ടിന്റെ താളത്തിനൊപ്പം നൃത്തം ചെയ്യുന്നതിനാൽ മടുപ്പുളവാക്കാത്തതും രസകരവുമാണ് ഇതെന്ന് പൊതുവെ അഭിപ്രായമുണ്ട്. സാധാരണയായി ഗ്രൂപ്പുകളായി ആണ് സൂംബ നൃത്തം ചെയുന്നത്.
ലഹരി വിരുദ്ധപ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് സൂംബ ഡാൻസ് കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും പരിശീലിക്കാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും നിർദേശം നൽകിയത്. സ്കൂൾ കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനായാണ് വിദ്യാഭ്യാസ വകുപ്പ് സൂംബ പദ്ധതിക്ക് തുടക്കമിട്ടത്. കുട്ടികളുടെ കായികവും മാനസികവുമായ ഉല്ലാസത്തിനു വേണ്ടിയാണ് സൂംബയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. കുട്ടികൾ ഉന്മേഷത്തോടെ സ്കൂളിൽ നിന്ന് മടങ്ങണം. അങ്ങനെ വന്നാൽ ലഹരി സംഘങ്ങള്‍ക്കും മറ്റും കുട്ടികളെ സ്വാധീനിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ മാസം മെഗാ സൂംബ പരിപാടി നടത്തുകയും ചെയ്തു.
പുതിയ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കാനുള്ള മെഡ്യൂൾ തയ്യാറാക്കാൻ വിദ്യാഭ്യാസ മന്ത്രി എസ് സി ഇ ആർ ടിക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് സൂംബ ഡാൻസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. സ്കൂളുകളിൽ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് പരിശീലനം നൽകി. പല സ്കൂളികളിലും പി ടി എ സഹകരണത്തോടെ ഇതിനകം സൂംബ പരിശീലനം തുടങ്ങിയിട്ടുണ്ട്.</p><p></p>
Post a Comment