ടെഹ്റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ചാരവൃത്തി ആരോപിച്ച് നിരവധിപ്പേരെ ഇറാൻ വധശിക്ഷക്ക് വിധേയമാക്കിയെന്ന് റിപ്പോർട്ട്. ഏറെപ്പേരാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായത്. ഇറാനിയൻ സുരക്ഷാ സംവിധാനങ്ങളിലേക്ക് ഇസ്രായേലി ഏജന്റുമാർ നടത്തിയ നുഴഞ്ഞുകയറ്റം ഇറാനിയൻ അധികൃതരെ ഞെട്ടിച്ചിരുന്നു. സ്വന്തം രാജ്യത്തിനുള്ളിൽ വിവരം പുറത്തുപോകാതെ ഇസ്രായേലിന് കടന്നുകയറാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് റെയ്ഡുകളുടെ പരമ്പര ആരംഭിച്ചത്.
സംഘർഷത്തിനിടെ ഉന്നതരുടെ കൊലപാതകങ്ങളിൽ ചാരന്മാർക്ക് പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഇസ്രായേലിന് കൃത്യമായ വിവരങ്ങൾ ലഭിച്ചതാണ് ഓപ്പറേഷൻ നടത്താൻ അവരെ സഹായിച്ചതെന്ന് കരുതുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഉന്നതരും മുതിർന്ന കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഇസ്രായേൽ ഓപ്പറേഷനിൽ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഇസ്രായേലിന്റെ മൊസാദ് രഹസ്യാന്വേഷണ ഏജൻസിയുടെ പ്രവർത്തകരാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് ഇറാൻ സംശയിക്കുന്നു.</p><p>മൊസാദുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് സംശയിക്കുന്ന നിരവധിപേരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, വിയോജിപ്പുകളെ നിശബ്ദമാക്കാൻ മൊസാദ് ബന്ധം ആരോപിച്ച് നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിവരങ്ങൾ പുറത്തുവരുന്നു.
12 ദിവസത്തെ പോരാട്ടത്തിനിടെ, ഇസ്രായേലിനു വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിച്ച് മൂന്ന് പേരെ ഇറാൻ അധികൃതർ വധിച്ചു. വെടിനിർത്തലിന് ശേഷം മൂന്ന് പേരെ കൂടി വധശിക്ഷയ്ക്ക് വിധേയമാക്കി. ചാരവൃത്തി ആരോപിച്ച് രാജ്യത്തുടനീളം നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇസ്രായേൽ ഇന്റലിജൻസുമായി സഹകരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നിരവധി തടവുകാരിൽ നിന്നുള്ള കുറ്റസമ്മത മൊഴികൾ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്തു. നിർബന്ധിത കുറ്റസമ്മതം നടത്തുകയും അന്യായമായ വിചാരണകൾ നടത്തുകയും ചെയ്യുന്നുവെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകളും ആക്ടിവിസ്റ്റുകളും ആശങ്ക പ്രകടിപ്പിച്ചു. കൂടുതൽ വധശിക്ഷകൾ നടപ്പിലാക്കപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
അതേസമയം, സിഐഎ, മൊസാദ്, എംഐ6 എന്നിവയുൾപ്പെടെയുള്ള പാശ്ചാത്യ, ഇസ്രായേലി രഹസ്യാന്വേഷണ ശൃംഖലകൾക്കെതിരെ നിർദയമായ പോരാട്ടത്തിൽ ഏർപ്പെടുകയാണെന്ന് ഇറാൻ ഇന്റലിജൻസ് മന്ത്രാലയം അവകാശപ്പെടുന്നു. 12 ദിവസത്തിനുള്ളിൽ, ഇറാനിയൻ ഇന്റലിജൻസും സുരക്ഷാ സേനയും 700-ലധികം വ്യക്തികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ഇസ്രായേലുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പേജുകളിൽ തങ്ങളുടെ ഫോൺ നമ്പറുകൾ പ്രത്യക്ഷപ്പെട്ടതായി ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയത്തിൽ നിന്ന് മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചതായി ഇറാൻ പൗരന്മാർ ബിബിസി പേർഷ്യനോട് പറഞ്ഞു. ബിബിസി പേർഷ്യൻ, ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷണൽ, മനോട്ടോ ടിവി എന്നിവയുൾപ്പെടെ വിദേശത്തുള്ള പേർഷ്യൻ ഭാഷാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെയും ഇറാൻ സർക്കാർ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്
Post a Comment