Join News @ Iritty Whats App Group

യാത്രക്കാരുടെ ശ്രദ്ധക്ക്, ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഓൺലൈൻ തത്കാൽ ടിക്കറ്റ് കിട്ടില്ല, മാറ്റം ജൂലയ് ഒന്ന് മുതൽ

ചെന്നൈ: ഐആർടിസി വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ സുപ്രധാന അപ്ഡേഷനുമായി ഇന്ത്യൻ റെയിൽവേ. ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇനി ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റുകളെടുക്കാൻ കഴിയൂ. ജൂലായ് ഒന്നു മുതൽ പുതിയ അപ്ഡേറ്റ് നിലവിൽ വരും. ടിക്കറ്റെടുക്കുമ്പോൾ ആധാർ അധിഷ്ഠിത ഒടിപി നൽകുന്ന സംവിധാനം ജൂലായ് 15 മുതൽ നിർബന്ധമാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു..

ഇതോടെ ആധാർ ഇല്ലാത്തവർക്കും ആധാർ വിവരങ്ങൾ പങ്കുവെക്കാൻ താത്പര്യമില്ലാത്തവർക്കും തത്കാൽ ടിക്കറ്റെടുക്കാൻ പറ്റാതെയാവും. ഐആർസിടിസി വെബ് സൈറ്റോ ആപ്പോ ഉപയോഗിച്ച് ടിക്കറ്റെടുക്കുന്നവരിൽ ഭൂരിപക്ഷവും തങ്ങളുടെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐആർസിടിസി അക്കൗണ്ടിൽ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ ആധാറുമായി ബന്ധപ്പെടുത്താനാവും. ഇത് ഒറ്റത്തവണചെയ്താൽ മതി.

എന്നാൽ, ജൂലായ് 15 മുതൽ ഓൺലൈൻ ആയോ കൗണ്ടറിൽ ചെന്നോ ഓരോ തവണ ടിക്കറ്റെടുക്കുമ്പോഴും ആധാർ ഒടിപി നൽകേണ്ടിവരും. അംഗീകൃത ഏജന്റുമാർ വഴി ബുക്ക് ചെയ്യുന്ന തത്കാൽ ടിക്കറ്റുകൾക്കും ബുക്കിംഗ് സമയത്ത് ഉപയോക്താവ് ഒടിപി നൽകണം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഫോണിലേക്കാണ് ഒടിപി വരിക. തത്ക്കാൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യത്തെ അര മണിക്കൂർ ഏജന്റുമാർക്ക് ടിക്കറ്റ് ലഭിക്കില്ലെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

എസി ക്ലാസുകൾക്ക് രാവിലെ 10:00 മുതൽ 10:30 വരെയും, എസി ഇതര ക്ലാസുകൾക്ക്, രാവിലെ 11:00 മുതൽ 11:30 വരെയുമാണ് തൽക്കാൽ ബുക്കിംഗ് നടക്കുന്നത്. തത്കാൽ ബുക്കിംഗുകളിൽ സുതാര്യത മെച്ചപ്പെടുത്തുന്നതിനും അവശ്യക്കാർക്ക് മാത്രം തൽക്കാൽ സൌകര്യം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group