കണ്ണൂർ: ജനസാഗരത്തെ സാക്ഷിയാക്കി കൊട്ടിയൂർ വൈശാഖ മഹോത്സവ നഗരി ഭക്തിസാന്ദ്രമായി. വ്യാഴാഴ്ചയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളാല്‍ കൊട്ടിയൂർ നിറഞ്ഞിരുന്നു.
മഹോത്സവത്തിലെ പ്രധാന ആരാധനകളില്‍ രണ്ടാമത്തേതായ അഷ്ടമി ആരാധനയും പ്രധാന ചടങ്ങായ ഇളനീരാട്ടവുമാണ് ബുധനാഴ്ച നടന്നത്. ഉച്ച ശീവേലിക്കുശേഷം ഭണ്ഡാര അറയുടെ മുന്നിലാണ് അഷ്ടമിപ്പാട്ട് എന്നറിയപ്പെടുന്ന അഷ്ടമി ആരാധന നടന്നത്.
സ്ഥാനികനായ പന്തീരടി കാമ്ബ്രമാണ് അഷ്ടമി ആരാധന നടത്തിയത്. തെയ്യംപാടിയുടെ വീണാ വാദനത്തോടൊപ്പം നടന്ന പൂജയില്‍ പ്രധാന സ്ഥാനികരും ഊരാളന്മാരും മാത്രമാണ് സാധാരണയായി പങ്കെടുക്കാറ്.
ചൊവ്വാഴ്ച രാത്രി ഇളനീരാട്ടത്തിനായി വ്രതക്കാർ ആചാരപൂർവം എത്തിച്ച് തിരുവഞ്ചിറയില്‍ സമർപ്പിച്ച ഇളനീർ കാവുകള്‍ ബുധനാഴ്ച രാവിലെ ഉഷഃപൂജക്ക് ശേഷം കൈക്കോളന്മാർ ചെത്തി ഒരുക്കി അഭിഷേകത്തിനായി മണിത്തറയില്‍ എത്തിച്ചു.
കാങ്കോല്‍ ഗ്രാമത്തിലെ തെക്കേടത്ത് തറവാട്ടിലെ മൂത്തപൊതുവാള്‍ ആണ് കോവിലകം കയ്യാലയിലെ അധിപനായ കാര്യത്ത് കൈക്കോളൻ. കാര്യത്ത് കൈക്കൊളന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് ഇളനീരുകള്‍ മുഴുവൻ ചെത്തി ഒരുക്കി മണിത്തറയിലേക്ക് മാറ്റുന്നത്.
തിരുവഞ്ചിറയുടെ പരിപാലനം, നിവേദ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കല്‍ തുടങ്ങിയ നിരവധി കാര്യങ്ങളും നിർവഹിക്കേണ്ടത് കാര്യത്ത് കൈക്കൊളന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
രാത്രിയില്‍ ഇളനീരാട്ടം നടക്കുന്നതിന് തൊട്ടുമുമ്ബായി മുത്തപ്പൻ വരവ് എന്ന ചടങ്ങ് നടന്നു. പുറംകലയൻ സ്ഥാനികൻ മുഖത്തെഴുത്ത് നടത്തി ശരീരം മുഴുവൻ ചായം പൂശി കൊട്ടേരിക്കാവില്‍ നിന്നും കുറിച്യ പടയാളികളുമായി എത്തി തിരുവഞ്ചിറയില്‍ പ്രവേശിച്ച് മണിത്തറക്കടുത്ത മുഖമണ്ഡപത്തിലെത്തി ചപ്പാരം വാളുകളെ വണങ്ങി അരിയും കളഭവും പ്രസാദവുമായി മടങ്ങുന്ന ചടങ്ങാണിത്. ഇതേ സമയത്തുതന്നെ കുറിച്യപ്പടയാളികള്‍ കൂലോം കയ്യാല ആക്രമിക്കുക എന്ന ചടങ്ങുമുണ്ട്.
മുത്തപ്പൻ വരവിന് ശേഷമാണ് ഇളനീരാട്ടം നടന്നത്. കാര്യത്ത് കൈക്കോളൻ ചെത്തി ഒരുക്കിയ ഇളനീരുകള്‍ സമുദായി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഉഷ്ണക്കാമ്ബ്രം നമ്ബൂതിരിയാണ് സ്വയംഭൂവില്‍ അഭിഷേകം ചെയ്തത്. വൈശാഖ മഹോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ജൂണ്‍ 20 വെള്ളിയാഴ്ച നടക്കും.
Post a Comment