Join News @ Iritty Whats App Group

പാര്‍ക്കിങ്ങ് ദുരിതത്തിനൊപ്പം ഇരിട്ടിയിലെ ട്രാഫിക് സിഗ്‌നലുകളും മിഴിയടച്ചു ; നഗരത്തില്‍ രണ്ട് ട്രാഫിക് സിഗ്നല്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി

രിട്ടി : ഇരിട്ടി താലൂക്ക് ആസ്ഥാനമായ ഇരിട്ടി നഗരത്തിലേക്ക് പ്രവേശിക്കുന്ന രണ്ട് പ്രധാന കവാടങ്ങളിലും ട്രാഫിക്ക് ലൈറ്റുകള്‍പ്രവർത്തിക്കാത്തത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി പരാതി.

സിഗ്‌നല്‍ പ്രവർത്തിക്കാത്തതുകൊണ്ട് തോന്നും പോലെ എത്തുന്ന വാഹങ്ങള്‍ പലപ്പോഴും അപകടത്തിനും ദീർഘനേരം ട്രാഫിക്ക് ബ്ലോക്കിനും കാരണമാകുന്നുണ്ട്. ഇരിട്ടി ടൗണില്‍ പുതിയ പാലം, പയഞ്ചേരി മുക്ക് എന്നിവിടങ്ങളിലാണ് രണ്ട് സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവർത്തിച്ചിരുന്നത് .

തലശേരി -വളവുപാറ റോഡ് നവീകരിച്ചപ്പോഴാണ് രണ്ടിടത്തും സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത് . ഇരിട്ടി പുതിയ പാലത്തിനു സമീപത്തെ സിഗ്‌നലുകള്‍ സ്ഥാപിച്ച അന്നുമുതല്‍ കൃത്യമായി പ്രവർത്തിച്ചിരുന്നില്ല . ഓരോ തവണയും കെല്‍ട്രോണില്‍ നിന്നുള്ള ടെക്നീഷ്യൻ എത്തി സിഗ്‌നല്‍ നേരേയാക്കിയാലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും നിശ്ചലമാകും . ഏറ്റവും ഒടുവില്‍ ഒരു വർഷം മുൻപ് അന്ത്യശാസം വലിച്ച സിഗ്‌നല്‍ പിന്നീട് പ്രവർത്തിച്ചിട്ടില്ല . ആറുമാസം മുൻപ് പ്രവർത്തന രഹിതമായ പയഞ്ചേരിയിലുള്ള ലൈറ്റുകള്‍ ഒരുതവണ നേരെയാക്കിയെങ്കിലും വീണ്ടും പ്രവർത്ത രഹിതമായി .കൊട്ടിയൂർ ഉത്സവം ആരംഭിച്ചതോടെ പയഞ്ചേരിമുക്കിലെ ട്രാഫിക്ക് ബ്ലോക്ക് ശമനമില്ലാതെ തുടരുകയാണ്.

കുട്ടുപുഴ - കീഴ്പ്പള്ളി റൂട്ടില്‍ നിന്നും ഉളിക്കല്‍- തളിപ്പറമ്ബ് റൂട്ടില്‍ നിന്നും ഇരിട്ടി നഗരത്തിലേക്കും ഇതേ റൂട്ടുകളിലേക്ക് തിരികെയും പോകേണ്ട വാഹനങ്ങള്‍ ഒരേ സമയം പുതിയ പാലം സിഗ്‌നലില്‍ എത്തുമ്ബോള്‍ ഗതാഗത കുരുക്കില്‍പ്പെടുന്നത് നിത്യ സംഭവം ആയിരിക്കുകയാണ് . സിഗ്‌നല്‍ പ്രവർത്തിക്കാത്തത് പാലത്തിന്റെ കവാടത്തില്‍ പലപ്പോഴും വലിയ ബ്ലോക്കിന് വഴിവെക്കുന്നു .

ഇരിട്ടിയുടെ പ്രവേശന കവാടമായ പുതിയ പാലം ജംക്ഷനില്‍ പ്രവർത്തിക്കാതെ വന്നതോടെ പരസ്പരം മത്സരിച്ച്‌ കയറുന്ന വാഹനങ്ങള്‍ തമ്മില്‍ ഉരസിലിനും വാക്കു തർക്കത്തിനും വഴിവയ്ക്കുന്നു. പുതിയ പാലം സിഗ്‌നല്‍ ഏറക്കുറെ ഉപേക്ഷിച്ച മട്ടിലാണ് അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന മറുപടി .

ഇരിട്ടി പഴയ ബസ് സ്റ്റാൻഡില്‍ നിന്നും പുതിയ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ജംക്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കാത്തത് അന്തർ സംസ്ഥാന പാതയില്‍ ട്രാഫിക്ക് ബ്ലോക്കിന് കാരണമാകുന്നു . തലശ്ശേരി, തളിപ്പറമ്ബ്, കൂട്ടുപുഴ ഭാഗത്ത് നിന്നും ഇരിട്ടി പുതിയ ബസ് സ്റ്റാൻഡില്‍ നിന്നും ഒരേ സമയം എത്തുന്ന ബസുകളും ലോറികളും ചെറു വാഹനങ്ങളും ടൗണിന്റെ ഹൃദയ ഭാഗത്ത് കടുത്ത ഗതഗാതക്കുരുക്കിന് കാരണം ആകുന്നു . ഇവിടെ കൃത്യമായ സിഗ്‌നലും സൂചന ബോർഡും ഇല്ലാത്തത് ദുരെ ദിക്കുകളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ വഴി തിരിച്ചറിയാൻ കഴിയാതെ ചുറ്റിത്തിരിയുന്നതും നിത്യസംഭവമാണ് .

ഇതിനെല്ലാം ഒപ്പമാണ് ഇരിട്ടിയിലെ തോന്നും പോലെയുള്ള പാർക്കിങ്ങ് . നഗരസഭ അനുവദിച്ച പാർക്കിങ്ങ് രാവിലെ ഒൻപതുമണിയോടെ നിറയുന്നതോടെ ടൗണില്‍ എത്തുന്നവർക്ക് പാർക്കിങ്ങ് ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് . ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകുന്നവരുടെ വാഹനങ്ങളാണ് പൊതുപാർക്കിങ്ങില്‍ രാവിലെ തന്നെ ഇടം പിടിക്കുന്നത് . ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group