Join News @ Iritty Whats App Group

ജീവനൊടുക്കാൻ ശ്രമിച്ചത് അഫാന് ഓർമയില്ല; മാനസിക പരിശോധനയ്ക്ക് നിർദ്ദേശിച്ച് ഡോക്ടർമാർ

ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിച്ച് ഡോക്ടർമാർ. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക. മെയ് 25നാണ് അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.

നിലവിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് അഫാന് ഓർമയില്ല. അഫാന്റെ തലച്ചോറിനും ആന്തരികാവയങ്ങൾക്കും വലിയ പരിക്കുകളില്ല. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ സിപിആർ ഉടൻ നൽകിയത് ഓക്സിജൻ കുറയാൻ ഇടയാക്കിയില്ല എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ഇതിനിടെയാണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ അഫാനെ കണ്ടെത്തിയത്. വാര്‍ഡന്‍ ഉടന്‍ തന്നെ ജയില്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് 11.25 ഓടെ അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ അഫാനെതിരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാന്‍ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉള്‍പ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാന്‍ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group