മോസ്ക്കോ: ഇറാന്‍ - ഇസ്രയേല്‍ അതിരൂക്ഷ സംഘര്‍ഷം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് വ്യക്തമാക്കി പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍ രംഗത്തെത്തി. ലോകത്തിനാകെ ആശങ്കയായി മാറുന്ന ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരം കാണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇതിനായി ഇരു രാജ്യങ്ങളുമായി നല്ല ബന്ധമുള്ള റഷ്യ ഇടപെടാൻ തയ്യാറെന്നും പുടിൻ വ്യക്തമാക്കി. ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശമുണ്ടെന്നും റഷ്യൻ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ഉപാധികളില്ലാതെ ഇസ്രയേലിന്‍റെ സുരക്ഷ സംരക്ഷിക്കപ്പെടണമെന്നും പുടിൻ കൂട്ടിച്ചേർത്തു.
ഇസ്രായേൽ - ഇറാൻ സംഘർഷത്തെക്കുറിച്ച് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും താൻ ബന്ധപ്പെടുന്നുണ്ടെന്നും റഷ്യൻ പ്രസിഡന്‍റ് വ്യക്തമാക്കി. ഇരുവരുമായി സംസാരിച്ച ശേഷമാണ് റഷ്യ മധ്യസ്ഥത വഹിക്കാമെന്ന കാര്യം പുടിൻ അറിയിച്ചത്. ടെൽ അവീവിന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം ടെഹ്‌റാന്റെ സമാധാനപരമായ ആണവ വികസനത്തെ പിന്തുണയ്ക്കാൻ റഷ്യ തയ്യാറാണെന്നും ഇസ്രായേലും ഇറാനും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാർ സാധ്യമാണെന്നും പുടിൻ കൂട്ടിച്ചേർത്തു. ഇറാന്‍ - റഷ്യ കരാറില്‍ പ്രതിരോധ സഹകരണം ഇല്ലെന്നും അതിനാല്‍ അത്തരം ചര്‍ച്ചകള്‍ അനാവശ്യമെന്നും പുടിന്‍ വിശദീകരിച്ചു.
സമാധാനപരമായ ആണവ പ്രവർത്തനം ഉൾപ്പെടെയുള്ള ആണവ പ്രവർത്തനങ്ങളിൽ ഇറാന്റെ താൽപ്പര്യങ്ങൾ ഉറപ്പാക്കുന്നതിന്, ശത്രുത അവസാനിപ്പിക്കാനും ഈ സംഘർഷത്തിലെ എല്ലാ കക്ഷികളും പരസ്പരം ഒരു കരാറിലെത്താനുമുള്ള വഴികൾ കണ്ടെത്താനും എല്ലാവരും വഴികൾ തേടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. സമാധാനപരമായ ആണവോർജ്ജവും മറ്റ് മേഖലകളിൽ സമാധാനപരമായ ആണവോർജ്ജവുമാണ് ഞാൻ ഉദ്ദേശിക്കുന്നത്. ജൂത രാഷ്ട്രത്തിന്റെ നിരുപാധിക സുരക്ഷയുടെ വീക്ഷണകോണിൽ നിന്ന് ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുക' - എന്ന് പുടിൻ പറഞ്ഞതായി റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം സംഘർഷത്തിന്‍റെ ഏഴാം നാൾ ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാന്റെ കനത്ത മിസൈൽ ആക്രമണം നടന്നെന്നാണ് ഏറ്റവും പുതിയ വിവരം. ടെൽ അവീവ് അടക്കം നഗരങ്ങളിൽ മിസൈൽ പതിച്ച് കനത്ത നാശമുണ്ടായി. നിരവധി പേർക്ക് പരിക്കുണ്ട്. ഇറാന്റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തെന്നു കഴിഞ്ഞ ദിവസം ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നും ഇസ്രായേൽ സൈന്യം വിലയിരുത്തിയിരുന്നു. എന്നാൽ ആ വിലയിരുത്തൽ തെറ്റിക്കുന്നതായി ഇന്നത്തെ ഇറാന്റെ ആക്രമണം. ടെൽ അവീവ്, റമത് ഗാൻ, ഹോളോൺ, ബേർശേബാ എന്നെ ഇസ്രായേലി നഗരങ്ങളിൽ ഇന്ന് ഇറാന്റെ മിസൈലുകൾ വീണു. ബേർശേബയിലെ സൊറോക്ക ആശുപത്രിയിൽ കനത്ത നാശം സംഭവിച്ചുവെന്നാണ് വിവരം. കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടമുണ്ട്. നിരവധി പേർക്ക് പരിക്കുണ്ട്. ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരങ്ങൾ ആണ് ആക്രമിക്കപ്പെട്ടത്. മിസെയിലുകൾ തൊട്ടരികിൽ വീണ അനുഭവം മലയാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് വിവരിച്ചു
Post a Comment