Join News @ Iritty Whats App Group

ആണവ റിയാക്ടർ ആക്രമിച്ചെന്ന് ഇസ്രയേൽ സ്ഥിരീകരണം, ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയി

ടെഹ്റാൻ :ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കനത്ത ആക്രമണം തുടർന്ന് ഇസ്രയേൽ. കൊല്ലപ്പെട്ടവരുടെ എണ്ണം 600 ആയി. ഇറാനിലെ അരാക്കിലെ ആണവ റിയാക്ടറിന് നേരെയും ഇസ്രയേൽ ഇന്നലെ രാത്രി കനത്ത ആക്രമണം നടത്തി. അരാക് ആണവ റിയാക്ടർ ആക്രമിച്ചെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.

ഇറാന്റെ ആയുധ ഫാക്ടറികൾ, ബാലിസ്റ്റിക് മിസൈൽ നിർമാണ കേന്ദ്രങ്ങൾ എന്നിവ അടക്കം ലക്ഷ്യമിട്ട് 40 യുദ്ധവിമാനങ്ങൾ രാത്രി മുഴുവൻ ആക്രമണം നടത്തി. പ്ലൂടോണിയം ഉത്പാദന കേന്ദ്രം ആക്രമിച്ചു. നാറ്റൻസ് ആണവ കേന്ദ്രത്തിന് സമീപത്തെ ആണവായുധ വികസന കേന്ദ്രവും ആക്രമിച്ചുവെന്നും ഇവിടെ ആണവോർജ പദ്ധതികൾ പൂർണ്ണമായി നിശ്ചലമായെന്നും ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈൽ ശേഖരവും പടിപടിയായി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

ആക്രമണത്തിൽ പങ്കു ചേരുമോ അമേരിക്ക, സസ്പെൻസ് തുടരുന്നു

ആക്രമണത്തിൽ പങ്കു ചേരുമോ എന്നതിൽ അമേരിക്ക സസ്പെൻസ് തുടരുന്നു. ഇറാനെ ആക്രമിക്കാനുളള സമഗ്ര പദ്ധതി യുഎസ് തയാറാക്കിയിട്ടുണ്ടെങ്കിലും ആക്രമണത്തിനുള്ള അന്തിമാനുമതി ട്രംപ് നൽകിയിട്ടില്ല. ട്രംപ് നൽകുന്ന ഏത് ഉത്തരവും നടപ്പാക്കാൻ പെന്റഗൺ സർവ സജ്ജമെന്ന് യുഎസ്പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. ആണവായുധ പദ്ധതികൾ പൂർണ്ണമായി ഉപേക്ഷിക്കാൻ ഇറാൻ സമ്മതിച്ചാൽ ആക്രമണം നടത്തില്ലെന്ന് യുഎസ് ഇന്റലിജൻസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പശ്ചിമേഷ്യയിൽ അമേരിക്ക പടയൊരുക്കം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണം വേണ്ടി വന്നാൽ അമേരിക്ക ആദ്യം തകർക്കുക ഇറാന്റെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർദോ ആയിരിക്കും. നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തള്ളിയിരുന്നു.


ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാന്റെ കനത്ത മിസൈൽ ആക്രമണം

ഇസ്രയേലിനെ നടുക്കി വീണ്ടും ഇറാന്റെ കനത്ത മിസൈൽ ആക്രമണം. ടെൽ അവീവ് അടക്കം നഗരങ്ങളിൽ മിസൈൽ ആക്രമണമുണ്ടായി. രണ്ടിടത്ത് ആശുപത്രികളിലും മിസൈൽ പതിച്ചുവെന്നും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാന്റെ മിസൈൽ ആക്രമണ കേന്ദ്രങ്ങൾ മിക്കതും തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടിരുന്നു. ഇസ്രായേലി നഗരങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി കുറഞ്ഞെന്നായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ വിലയിരുത്തൽ. എന്നാൽ ആ വിലയിരുത്തൽ തെറ്റിയെന്ന് തെളിയിക്കുന്നതാണ് ഇന്ന് ഇറാൻ നടത്തിയ ആക്രമണം. ടെൽ അവീവ്, റമത് ഗാൻ, ഹോളോൺ, ബേർശേബാ എന്നീ ഇസ്രായേലി നഗരങ്ങളിൽ ഇന്ന് ഇറാന്റെ മിസൈലുകൾ വീണു.

Post a Comment

Previous Post Next Post
Join Our Whats App Group