Join News @ Iritty Whats App Group

‘രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത് ‘ ; പ്രതികരണവുമായി ബിനോയ് വിശ്വം


രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭാരതാംബയുടെ മുഖച്ഛായ ഇതാകണമെന്ന് ആരാണ് തീരുമാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഭാരതാംബ, ഭാരതമാതാവ് എന്നത് സങ്കല്‍പ്പം മാത്രമാണ്. അത് കോടാനുകോടി ഇന്ത്യക്കാരെ അന്നും ഇന്നും എന്നും ആവേശം കൊള്ളിക്കുന്ന ഒരു പ്രതീകമാണ്. ആ പ്രതീകത്തിന് ആര്‍എസ്എസ് കല്‍പ്പിക്കുന്ന മുഖച്ഛായ തന്നെ വേണമെന്ന് ആധുനികനായ ഗവര്‍ണറെ പോലൊരാള്‍ ഷാഠ്യം പിടിക്കുന്നത് ഖേദകരമാണ് – അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ ശാഖയില്‍ ഉയര്‍ത്തുന്ന കൊടി തന്നെ ഭാരതമാതാവ് പിടിക്കണോ എന്നദ്ദേഹം ചോദിച്ചു. ആ മാതാവിന്റെ ഇരിപ്പിടം ഒരു സിംഹമാകണമെന്ന് വാശിപിടിക്കണോ ഗവര്‍ണര്‍. കാണുമ്പോള്‍ അത്ഭുതപ്പെട്ടു പോവുകയാണ്. ഞാന്‍ വളരെ വിനയപൂര്‍വം പറയുന്നു രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത്. ഗവര്‍ണര്‍ ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ ചട്ടുകമായി അധപതിക്കരുത്. രാഷ്ട്രീയ വടംവലിക്കുള്ള പദവിയായി കാണരുത്. ഞങ്ങള്‍ അദ്ദേഹവുമായി ഏറ്റവും അന്തസുറ്റ സ്‌നേഹം നിറഞ്ഞ ബന്ധമാണ് ആഗ്രഹിക്കുന്നത്. അതിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ആരിഫ് മുഹമ്മദ്ഖാന്‍ തെളിച്ച വഴിയേ പോകാന്‍ ശ്രമിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല – അദ്ദേഹം പറഞ്ഞു.

അതേസമയം, ഭാരതാംബ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി പരിപാടിക്ക് തുടക്കമിട്ട ചിത്രങ്ങള്‍ രാജ്ഭവന്‍ പുറത്തുവിട്ടു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയതിനാലാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്ന് മന്ത്രി പി പ്രസാദ് ട്വന്റിഫോറിനോട് പറഞ്ഞു. ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തണം എന്നും ആദരിക്കണം എന്നും നോട്ടീസില്‍ കണ്ടതോടെയാണ് പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയതെന്നാണ് മന്ത്രിമാര്‍ പറയുന്നത്. മുന്‍പ് നല്‍കിയ നോട്ടീസില്‍ ഈയൊരു കാര്യം പറഞ്ഞിരുന്നില്ലെന്നും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന നിലപാടില്‍ മന്ത്രിമാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ ചിത്രം മാറ്റാനാകില്ലെന്ന് രാജ്ഭവന്‍ നിലപാടെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group