രാജ്ഭവനുമായി ബന്ധപ്പെട്ട ഭാരതാംബ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സിപിഎം. ഇടതുപക്ഷത്തിന്റെ കൃഷി മന്ത്രി പി പ്രസാദിന്റെ നിലപാടിനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സിപിഐ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു. ഭാരതാംബ വിവാദത്തില്‍ സിപിഎമ്മും ഉറച്ച നിലപാടു തന്നെയാണ് സിപിഐയെ പോലെ കൈക്കൊണ്ടിരിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാത്തി. സിപിഎമ്മിന്റെ നിലപാട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെയും രാജ്ഭവന്റെയും സമീപനത്തിന് എതിരാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
വിഷയത്തില്‍ സിപിഐ കുറേക്കൂടി ശക്തമായ നിലപാടെടുത്തുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിപിഐ മന്ത്രി പി പ്രസാദ് രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രം കണ്ടതിനെ തുടര്‍ന്ന് പരിസ്ഥിതി ദിന പരിപാടി ബഹിഷ്‌കരിച്ചതോടെ സിപിഐയുടെ നിലപാട് പ്രശംസിക്കപ്പെടുകയും സിപിഎം ദുര്‍ബലപ്പെട്ടു എന്ന വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിപിഐ ശക്തമായ നിലപാടെടുത്തുവെന്ന് പ്രശംസിക്കുന്നതിന് ഒപ്പം സിപിഎമ്മിന്റേതും ഉറച്ച നിലപാടാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ബിജെപി വിരുദ്ധ സര്‍ക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവത്കരണത്തിന്റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ നിയമസഭ പോലെ, സെക്രട്ടേറിയേറ്റ് പോലെ ഒരു പൊതു ഇടമാണ്. അത്തരമൊരു പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളംപോലെ ഉപയോഗിക്കാന്‍ പാടില്ല. അത് അസംബന്ധമാണ്.
രാജ്ഭവനിലെ ഗവര്‍ണറുടെ നിലപാട് അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കുകയും പൊതുഇടത്ത് വര്‍ഗീയ പ്രചാരണം ഔദ്യോഗിക അടയാളം പോലെ പാടില്ലെന്നും സിപിഎം വ്യക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം രാജ്ഭവനിലെ പരിസ്ഥിതി ദിനാചരണ വേദിയില്‍ ഭാരതാംബയുടെ ചിത്രംവെച്ചതിനെ തുടര്‍ന്ന് കൃഷിമന്ത്രി പി. പ്രസാദ് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രത്തിനുമുന്നില്‍ വിളക്കുതെളിച്ച് പുഷ്പാര്‍ച്ചന നടത്തിയാണ് കഴിഞ്ഞ ദിവസവും രാജ്ഭവനില്‍ പരിപാടി നടന്നിരുന്നത്. എന്നാല്‍ പരിസ്ഥിതി ദിനാചരണം സര്‍ക്കാര്‍ പരിപാടി ആയതിനാല്‍ ചിത്രം മാറ്റണമെന്ന കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മന്ത്രി തീരുമാനിച്ചത്.
Post a Comment