Join News @ Iritty Whats App Group

ചരക്കുകപ്പലിലെ തീ നിയന്ത്രണവിധേയം; ടഗ് ബോട്ട് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് മാറ്റാന്‍ ശ്രമം


കേരള തീരത്തോട് ചേര്‍ന്ന് പുറംകടലില്‍ തീപിടിത്തമുണ്ടായ വാന്‍ഹായ് 503 കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് ചരക്കുകപ്പലിനെ കൂടുതല്‍ ദൂരത്തേക്ക് മാറ്റാന്‍ ശ്രമം തുടരുന്നു. കപ്പലില്‍ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചതായാണ് വിവരം. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതല്‍ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം. കപ്പലിന്റെ മുന്‍ഭാഗത്തെ തീ അണച്ചു. മറ്റിടങ്ങളിലെ തീ കെടുത്താന്‍ ശ്രമം തുടരുകയാണ്.

കോസ്റ്റ് ഗാര്‍ഡും പോര്‍ബന്ദറിലെ മറൈന്‍ എമര്‍ജന്‍സി സെന്ററും ചേര്‍ന്നാണ് കപ്പല്‍ കേരളതീരത്തുനിന്ന് പരമാവധി അകലേക്ക് നീക്കാനുള്ള ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. കപ്പലിന്റെ മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കിയശേഷം കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്ടര്‍ ഉപയോഗിച്ച് എംഇആര്‍സി സംഘം കപ്പലില്‍ ഇറങ്ങുകയാണ് ആദ്യം ചെയ്തത്. രണ്ടുദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മുന്‍ഭാഗത്തെ തീ നിയന്ത്രണവിധേയമാക്കാനായത്.

തുടര്‍ന്ന് മുന്‍ഭാഗത്തെ കൊളുത്തില്‍ വലിയ വടംകെട്ടിയ ശേഷം അതിനെ വാട്ടര്‍ലില്ലി എന്നുപേരുള്ള ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു. ടഗ് ബോട്ട് വഴി കപ്പലിനെ കടലിന്റെ പരമാവധി ദൂരേയ്ക്ക് മാറ്റുകയാണ് ലക്ഷ്യം. കപ്പലിലെ തീ രണ്ടുദിവസം പിന്നിട്ടപ്പോഴും പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. ഏകദേശം 10 മുതല്‍ 15 ഡിഗ്രിവരെ കപ്പല്‍ ചെരിഞ്ഞിട്ടുണ്ടെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group