Join News @ Iritty Whats App Group

ആർഎസ്എസ് മുഖംമൂടി ഒരിക്കൽകൂടി അഴിഞ്ഞു വീണു, 'ആർഎസ്എസിനും ബിജെപിക്കും വേണ്ടത് മനുസ്മൃതി, ഭരണ​ഘടനയല്ല'

ദില്ലി :ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ ആശയങ്ങൾ ഇനിയും വേണോയെന്നതിൽ പുനർ വിചിന്തനം വേണമെന്ന ആർഎസ്എസ് ജന സെക്രട്ടറി ദത്താത്രേയ ഹൊസബലേയുടെ പരാമർശത്തിൽ വിവാദം ശക്തമാകുന്നു.ആർഎസ്എസിന്റെ മുഖംമൂടി ഒരിക്കൽകൂടി അഴിഞ്ഞു വീണെന്ന് രാഹുൽ ​ഗാന്ധി തുറന്നടിച്ചു. ആർഎസ്എസിനും ബിജെപിക്കും ഭരണ​ഘടനയല്ല മനുസ്മൃതിയാണ് വേണ്ടത്. പിന്നാക്ക വിഭാ​ഗക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് നീക്കം. ആർഎസ്എസ് ഈ സ്വപ്നം കാണുന്നത് നിർത്തണമെന്നും, രാജ്യസ്നേഹമുള്ള എല്ലാവരും അവസാന ശ്വാസംവരെ ഭരണഘടനയെ സംരക്ഷിക്കാനായി പോരാടുമെന്നും രാഹുൽ വ്യക്തമാക്കി.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ദില്ലിയിൽ നടന്ന ചടങ്ങിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിവാദ പരാമർശമുണ്ടായത്. അംബേദ്കർ തയാറാക്കിയ ഭരണഘടനയിൽ സോഷ്യലിസവും മതേതരത്വവും ഉണ്ടായിരുന്നില്ല. 1976 ൽ അടിയന്തരാവസ്ഥ കാലത്ത് പാർലമെന്റടക്കം കാര്യമായി പ്രവർത്തിക്കാതിരുന്ന സമയത്ത് ഭേദഗതിയിലൂടെയാണ് രണ്ട് വാക്കുകളും ആമുഖത്തിൽ ചേ‌ർത്തത്. ഇത് നീക്കാൻ പിന്നീട് ഒരു ശ്രമവും ആരും നടത്തിയില്ല. ഇങ്ങനെ തുടരണോയെന്നതിൽ ചർച്ച വേണമെന്നും ഹൊസബലേ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ പറഞ്ഞു.

അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ ഇതുവരെ ജനങ്ങളോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും, മുൻ തലമുറയുടെ ചെയ്തികൾക്ക് ഇപ്പോഴത്തെ നേതാക്കൾ മാപ്പ് പറയണമെന്നും ഹൊസബലേ ആവശ്യപ്പെട്ടു. പിന്നാലെ ആർഎസ്എസ് വീണ്ടും ഭരണഘടന മാറ്റാൻ ആവശ്യപ്പെടുകയാണെന്ന ചർച്ചകൾ സജീവമായി. പ്രസ്താവന കോൺ​ഗ്രസ് ആയുധമാക്കി. ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അം​ഗീകരിച്ചിട്ടില്ലെന്നും, മനുസ്മൃതിയിൽനിന്നും പ്രചോദനമുൾക്കൊണ്ടല്ല ഭരണഘടന തയാറാക്കിയത് എന്നതിനാൽ അംബേദ്കറിനെയും നെഹ്റുവിനെയും ആർഎസ്എസ് നിരന്തരം ആക്രമിക്കുകയാണെന്നും ജയറാം രമേശ് വിമർശിച്ചു. പുതിയ ഭരണഘടന കൊണ്ടുവരുമെന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും നിരന്തരമായ പ്രചാരണത്തിന് ജനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറുപടി നൽകി. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആർഎസ്എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group