‘ജെ.എസ്.കെ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദര്‍ശന അനുമതിയുമായി ബന്ധപ്പെട്ടു സെന്‍സര്‍ ബോര്‍ഡിനോട് നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ജാനകി എന്ന പേരു മാറ്റണമെന്ന് നിര്‍ദേശിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ‘ജെ.എസ്.കെ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദര്‍ശന അനുമതിയുമായി ബന്ധപ്പെട്ടു കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലില്‍ കടുത്ത ഭാഷയിലാണ് ഹൈക്കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്.
സിനിമയ്ക്കും കഥാപാത്രത്തിനും ജാനകി എന്ന പേരു നല്‍കുന്നതില്‍ എന്തു സാഹചര്യത്തിലാണ് പ്രശ്‌നമെന്ന് അറിയിക്കാന്‍ ജസ്റ്റിസ് എന്‍ നഗരേഷ് സെന്‍സര്‍ ബോര്‍ഡിനോടു നിര്‍ദേശിച്ചു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അന്ന് എന്താണ് സിനിമയിലെ ജാനകി എന്ന പേരിന്റെ പ്രശ്‌നമെന്ന് അറിയിക്കണമെന്നും കേന്ദ്രസെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.സിനിമയുടെ പ്രമേയം എന്തായിരിക്കണമെന്നും പേര് എന്തായിരിക്കണം എന്നുമൊക്കെ കലാകാരനോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുകയാണോയെന്നും ശക്തമായ ഭാഷയില്‍ കോടതി ചോദിച്ചു. മത, ജാതി, വംശപരമായ വിദ്വേഷ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് ഫിലിം സര്‍ട്ടിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നുണ്ടെന്ന മറുവാദമാണ് ഇന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ ഉയര്‍ത്തിയത്.
ഇതോടെ ജാനകി എന്ന പേര് എങ്ങനെയാണ് അവഹേളനമാകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. സംസ്‌കാരവുമായി ബന്ധപ്പെട്ടത് എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവര്‍ത്തിച്ചുള്ള മറുപടി. എന്നാല്‍ ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളാണെന്നായിരുന്നു ഇതിന് കോടതി നല്‍കിയ മറുപടി. ഇന്ത്യയിലെ ജനങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും പേരില്‍ ഏതെങ്കിലും ദൈവത്തിന്റെ നാമമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിന്ദുവാണെങ്കിലും ക്രൈസ്തവരാണെങ്കിലും മുസ്‌ലിമാണെങ്കിലും 80 ശതമാനം പേരുകള്‍ക്കും ദൈവനാമവുമായി ബന്ധമുണ്ടെന്നും കോടതി പറഞ്ഞു.
അവള്‍ ഒരു റേപ്പിസ്റ്റല്ല. ബലാത്സംഗം ചെയ്ത ഒരാളുടെ പേര് രാമന്‍, കൃഷ്ണന്‍, ജാനകി എന്നിങ്ങനെയാണെങ്കില്‍, എനിക്ക് അത് മനസ്സിലാകും. കുറഞ്ഞപക്ഷം ആ കഥാപാത്രത്തിന് ദൈവത്തിന്റെ പേര് നല്‍കരുതെന്ന് നമുക്ക് മനസ്സിലാക്കാം. ഇവിടെ, നീതിക്കുവേണ്ടി പോരാടുന്ന സിനിമയിലെ ഒരു നായികയാണ് അവര്‍.’
സിനിമയ്ക്ക് പേരിടുന്നത് കലാകാരന്റെ സ്വാതന്ത്ര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ‘നിക്ഷ്പക്ഷ’മായ ഒരു പേര് ഇടാമല്ലോ എന്നാണ് സെന്‍സര്‍ ബോര്‍ഡ് ഇതിനു മറുപടിയായി പറഞ്ഞത്. എന്നാല്‍ എന്തു പേരിടണമെന്നും എന്തായിരിക്കണം ആശയം എന്നൊക്കെ നിങ്ങള്‍ നിര്‍ദേശിക്കുകയാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. അത് കലാകാരന്റെ സ്വാതന്ത്ര്യമാണ്, നിങ്ങള്‍ക്കതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചിത്രത്തിലെ നായികയുടെ പേരാണ് ജാനകി എന്നും നായിക ബലാത്സംഗ അതിജീവിതയാണെന്നും നിര്‍മാണക്കമ്പനി കോടതിയെ അറിയിച്ചു. ആ അതിജീവിത നീതിക്കുവേണ്ടി നടത്തുന്ന പോരാട്ടമാണ് സിനിമയില്‍ ഉള്ളതെന്നും വ്യക്തമാക്കിയ നിര്‍മാണക്കമ്പനി സിനിമ കണ്ട് വിലയിരുത്താന്‍ കോടതിയെ ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്നാണ് എന്തുകൊണ്ട് ജാനകി എന്ന പേര് ഉപയോഗിക്കാനാകില്ലെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കോടതി സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്. കേസ് അനന്തമായി നീട്ടി കൊണ്ടു പോകാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സീത ഔർ ഗീത’, ‘രാം ലഖൻ’ തുടങ്ങിയ സിനിമകൾക്ക് ദൈവങ്ങളുടെ പേരുകൾ നൽകിയിട്ടുണ്ട് പിന്നെ എന്തുകൊണ്ടാണ് ജാനകി എന്ന പേര് സിനിമയിൽ ഉപയോഗിക്കാൻ കഴിയാത്തതെന്ന് ജസ്റ്റിസ് നേരത്തെ കേന്ദ്ര ചലച്ചിത്ര സർട്ടിഫിക്കേഷൻ ബോര്‍ഡിനോട് ചോദിച്ചിരുന്നു.
Post a Comment