Join News @ Iritty Whats App Group

ഞെട്ടിക്കുന്ന വീഡിയോ പുറത്ത് വിട്ട് കെഎസ്ഇബി, സിംഗിൾ ഫേസ് ലൈനിൽ നിന്നുള്ള വൈദ്യുതി മോഷണം; കടുത്ത നിയമലംഘനമുണ്ടായി

നിലമ്പൂര്‍: നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ ഉത്തരവാദി സ്വകാര്യ വ്യക്തിയെന്ന് കെഎസ്ഇബി. സ്വകാര്യ വ്യക്തി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്നാണ് നിലമ്പൂർ വഴിക്കടവിൽ മൂന്ന് കുട്ടികൾക്ക് ഷോക്കേൽക്കുകയും ഒരു കുട്ടി മരണമടയുകയും ചെയ്ത ദാരുണമായ അപകടമുണ്ടായത്. കെഎസ്ഇബിയുടെ സിംഗിൾ ഫേസ് ലൈനിൽ നിന്ന് തോട്ടി ഉപയോഗിച്ച് നേരിട്ട് വൈദ്യുതി മോഷ്ടിച്ചെടുത്ത് വയർ ഉപയോഗിച്ചും ചിലയിടത്ത് ഇൻസുലേഷനില്ലാത്ത കമ്പികൾ ഉപയോഗിച്ചും ലൈൻ വലിച്ചിരിക്കുകയായിരുന്നു.

തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം നടത്താറുള്ളതാണ്. കാർഷിക വിള സംരക്ഷണത്തിനായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷ നൽകി അനുമതിയോടെയുള്ള വൈദ്യുതി വേലി മാത്രമേ സ്ഥാപിക്കാവൂ. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്റ്റാൻഡേർഡ് IS -302-2-76- (1999 ) സെക്ഷൻ 76 പാർട്ട് 2 പ്രകാരം ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനെർജൈസേഴ്സ് മാത്രമേ ഉപയോഗിക്കാവൂ.

വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14- വകുപ്പ് 135 (1 ) (e) പ്രകാരം നിയമവിരുദ്ധവും മൂന്ന് വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ചുമത്താവുന്ന കുറ്റമാണ്. സ്വകാര്യ വ്യക്തി/വ്യക്തികൾ കാട്ടിയ നിയമലംഘനത്തിന് കെഎസ്ഇബിയെ പഴി പറയുന്നത് തികച്ചും വസ്തുതാവിരുദ്ധവും അപലപനീയവുമാണെന്നും ബോര്‍ഡ് വ്യക്തമാക്കി

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്. പ്രതികളായ ഇരുവരും സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകൾ ഉണ്ട്. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് പ്രതിയ്ക്ക് ഹോബിയാണെന്നും ഒപ്പം കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group