തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡിന് വൻ സ്വീകാര്യത. യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നമില്ലാതെ ബസില്‍ കയറാം എന്നതാണ് ഇതിന്റെ സവിശേഷത. 100 രൂപയാണ് കാര്‍ഡിന്റെ വില. 50 രൂപ മുതല്‍ 3,000 രൂപയ്ക്ക് വരെ റീചാര്‍ജ് ചെയ്യാം. പൂര്‍ണ്ണമായും കൈമാറ്റം ചെയ്യാവുന്ന കാര്‍ഡ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം എന്നതും എടുത്തുപറയേണ്ടതാണ്.
സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് അനുസരിച്ച് ബാലന്‍സ് കുറയും. കണ്ടക്ടറെ സമീപിച്ചാല്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ചലോ ആപ് വഴിയും റീ ചാര്‍ജ് ചെയ്യാം. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് സ്മാര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചത്. ഇപ്പോൾ ഇതാ പത്തനംതിട്ട ജില്ലയിലെ സ്മാര്‍ട്ട് കാര്‍ഡിനും ആവശ്യക്കാര്‍ ഏറുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ ആറ് ഡിപ്പോകളിലും അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡുകളില്‍ 80 ശതമാനവും യാത്രക്കാര്‍ സ്വന്തമാക്കി. തിരുവല്ലയിലും അടൂരും അനുവദിച്ച 1000 വീതം കാര്‍ഡുകളും വിറ്റു കഴിഞ്ഞിരിക്കുകയാണ്. പത്തനംതിട്ട - 610, പന്തളം - 550, റാന്നി - 480, മല്ലപ്പള്ളി - 680, കോന്നി - 419 ഉം കാര്‍ഡുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ചൂട്ടപ്പം പോലെ വിറ്റഴിഞ്ഞു.
ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് കെഎസ്ആര്‍ടിസിയുടെ എല്ലാത്തരം ബസുകളിലും യാത്ര ചെയ്യാനാകും. കണ്ടക്ടര്‍മാര്‍, അംഗീകൃത ഏജന്റുമാര്‍ എന്നിവര്‍ വഴിയും കെഎസ്ആര്‍ടിസി ഡിപ്പോയിലും കാര്‍ഡുകള്‍ ലഭിക്കും. 50 രൂപയാണ് ചാര്‍ജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക. പരമാവധി 3000 രൂപ വരെ ചാര്‍ജ് ചെയ്യാം. 100 രൂപയാണ് കാര്‍ഡിന് ഈടാക്കുന്നത്. കാര്‍ഡിന്റെ ഉടമസ്ഥന്റെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ക്കും കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ബസില്‍ കയറുമ്പോള്‍ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ യാത്രാക്കൂലി ഓട്ടോമാറ്റിക്കായി കാര്‍ഡില്‍ നിന്ന് കുറയും. ടിക്കറ്റ് മെഷീനില്‍ കാര്‍ഡിന്റെ ബാലന്‍സ് അറിയാനും സാധിക്കും
Post a Comment