മസ്കറ്റ്: എല്ലാവരോടും സ്നേഹത്തോടെ മാത്രം സംസാരിച്ചിരുന്ന, ഏത് പ്രതിസന്ധിയെയും ചിരിച്ചു കൊണ്ട് നേരിട്ട വ്യക്തിയായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളിയായ രഞ്ജിത ഗോപകുമാരൻ നായര്‍. ദീര്‍ഘകാലം ഒമാനില്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിതയെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പിന്നീട് മറക്കില്ലെന്നും അത്ര സൗമ്യമായ പെരുമാറ്റമായിരുന്നു അവരുടേതെന്നും സുഹൃത്തായ പ്രസീത പറഞ്ഞു
ഒമ്പത് വര്‍ഷം ഒമാനില്‍ ജോലി ചെയ്തിരുന്ന രഞ്ജിത സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. ഒരു വര്‍ഷം മുമ്പാണ് യുകെയിലേക്ക് ജോലിക്കായി പോയത്. രഞ്ജിതയും പ്രസീതയും അടുത്തടുത്ത ഫ്ലാറ്റുകളിലാണ് താമസിച്ചിരുന്നത്. രഞ്ജിതയുടെ അമ്മയും രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. മക്കള്‍ അവിടെ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു. യുകെയിലേക്ക് പോകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെയാണ് രഞ്ജിത മക്കളെയും അമ്മയെയും നാട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് മക്കളെ നാട്ടിലെ സ്കൂളില്‍ ചേര്‍ക്കുകയും ചെയ്തു.
വളരെക്കാലത്തെ സൗഹൃദം തനിക്ക് രഞ്ജിതയോട് ഉണ്ടായിരുന്നെന്നും രഞ്ജിതയുടെ കുടുംബവുമായും അടുപ്പമുണ്ടായിരുന്നെന്നും സുഹൃത്ത് പറയുന്നു. പ്രിയ കൂട്ടുകാരി മരണപ്പെട്ടെന്ന സത്യം ഇപ്പോഴും വിശ്വസിക്കാനാവാതെ ഞെട്ടലിലാണ് പ്രസീത. ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നപ്പോഴും എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം കാണപ്പെട്ടിരുന്ന രഞ്ജിത, സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ ജീവനക്കാര്‍ക്കും പ്രിയങ്കരിയായിരുന്നു. എന്ത് സഹായവും ചോദിച്ചാല്‍ മടി കൂടാതെ ചെയ്ത് തരുന്ന വ്യക്തിയായിരുന്നു രഞ്ജിതയെന്നും സുഹൃത്ത് പറയുന്നു. പഠനത്തിലും കലാ രംഗത്തും മികവ് പുലര്‍ത്തിയിരുന്നു രഞ്ജിത.
കുടുംബത്തിന് വേണ്ടി ജീവിച്ച രഞ്ജിത മക്കളുടെ സുരക്ഷിതമായ ഭാവിയെ കരുതിയാണ് യുകെയില്‍ മികച്ച ജോലി തേടി പോയത്. എന്നാല്‍ പിന്നീട് യുകെയില്‍ തുടരാന്‍ കഴിയാതെ വന്നതോടെ നാട്ടില്‍ സ്ഥിരതാമസമാക്കാനും തീരുമാനിച്ചിരുന്നു. അമ്മയ്ക്കും മക്കള്‍ക്കുമായി ഒരു വീട് സ്വന്തമായി വേണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് രഞ്ജിത വിട പറഞ്ഞത്. നാട്ടില്‍ രഞ്ജിതയുടെ വീട് നിര്‍മ്മാണം പകുതിയിലേറെ പൂര്‍ത്തിയായിരുന്നു. യുകെയിലേക്ക് മടങ്ങുന്നതിന് മുമ്പ് സലാലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ചെറിയ വിരുന്ന് സംഘടിപ്പിച്ച രഞ്ജിത അന്ന് സദ്യ ഉണ്ടാക്കി തന്നതായും പ്രസീത ഓര്‍ത്തെടുത്തു. എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന സുഹൃത്തിന്‍റെ വേര്‍പാടിന്‍റെ വേദനയിലാണ് അവര്‍.
Post a Comment