Join News @ Iritty Whats App Group

ഇറാനിലെ സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ സജ്ജം; കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം

ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈന്യം. ഇറാനിലെ സുപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കാൻ സൈന്യം സജ്ജം. ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ശനിയാഴ്ച ഇസ്രയേൽ സൈന്യം അറിയിച്ചു.

ഓപ്പറേഷൻ റൈസിംഗ് ലയണിന്റെ തുടക്കത്തിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ, ഇറാനിയൻ ഭരണകൂടത്തിന്റെ ആണവായുധ പദ്ധതിക്ക് നേതൃത്വം നൽകിയ ഒമ്പത് മുതിർന്ന ശാസ്ത്രജ്ഞരെയും വിദഗ്ധരെയും ഇല്ലാതാക്കി- ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇന്റലിജൻസ് ഡയറക്ടറേറ്റ് ശേഖരിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണങ്ങൾ നടത്തിയതെന്ന് സൈന്യം പറഞ്ഞു.

ഇറാന്‍ മിസൈല്‍ വിക്ഷേപണം തുടര്‍ന്നാല്‍ “തെഹ്‌റാൻ കത്തിയെരിയുമെന്ന്” ഇസ്രായേല്‍ പ്രതിരോധ മന്ത്രി ശനിയാഴ്ച മുന്നറിയിപ്പ് നല്‍കി. സൈനിക മേധാവിയുമായുള്ള ഒരു വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിച്ച പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, ഇസ്രായേല്‍ പൗരന്മാരെ ദ്രോഹിച്ചതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞു.

അതേസമയം ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങൾ തകർത്തുവെന്നാണ് ഇറാന്റെ അവകാശവാദം. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്‍ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന പേരിലാണ് ഇറാൻ പ്രത്യാക്രമണം നടത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group