ചെന്നൈ: കേന്ദ്രസർക്കാരിൻ്റെ ഭാഷാ നയത്തിനും വിദ്യാഭ്യാസ ഫണ്ടിംഗിനുമെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യ മൊഴി. കർണാടകയിൽ 90,000-ത്തിലധികം വിദ്യാർത്ഥികൾ ബോർഡ് പരീക്ഷയിൽ തോൽക്കാൻ കാരണം ഭാഷ അടിച്ചേൽപ്പിച്ചതിനാലാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സ്കൂൾ മത്സരത്തിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യവെയാണ് മന്ത്രിയുടെ ഈ പ്രസ്താവന.
ഭാഷാ പഠനം വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പായിരിക്കണമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. "ഒരു മൂന്നാം ഭാഷ നിർബന്ധിത വിഷയമാകാതെ ഒരു ഓപ്ഷനായിരിക്കണം," അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ നയങ്ങളിൽ ഈ വഴക്കം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തമിഴ്നാട്, കേരളം പോലുള്ള മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം സുപ്രധാന വിദ്യാഭ്യാസ ഫണ്ടുകൾ തടഞ്ഞുവെക്കുകയാണെന്നും അൻബിൽ മഹേഷ് ആരോപിച്ചു. വിദ്യാഭ്യാസ ഫണ്ടുകൾ തടഞ്ഞുവെച്ച് കേന്ദ്രം സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും, എന്നാൽ തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെട്ട് മുഴുവൻ ചെലവും സംസ്ഥാനം വഹിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ല എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് ഡി.എം.കെ. എം.പി. കനിമൊഴി പ്രതികരിച്ചിരുന്നു. തമിഴും ഒരു ഭാഷയുടെയും ശത്രുവല്ലെന്ന് പറഞ്ഞ കനിമൊഴി, ഉത്തരേന്ത്യക്കാർ ദക്ഷിണേന്ത്യൻ ഭാഷകൾ പഠിക്കണമെന്ന് അഭ്യർത്ഥിച്ചു. "ഹിന്ദി ഒരു ഭാഷയുടെയും ശത്രുവല്ലെങ്കിൽ, തമിഴും ഒരു ഭാഷയുടെയും ശത്രുവല്ല. അവർ തമിഴ് പഠിക്കട്ടെ. ഉത്തരേന്ത്യയിലെ ജനങ്ങൾ ഒരു ദക്ഷിണേന്ത്യൻ ഭാഷയെങ്കിലും പഠിക്കട്ടെ. അതാണ് യഥാർത്ഥ ദേശീയോദ്ഗ്രഥനം," എന്നായിരുന്നു കനിമൊഴിയുടെ വാക്കുകൾ
Post a Comment