Join News @ Iritty Whats App Group

ഭർത്താവ് കടം വാങ്ങിയ 80,000 രൂപ തിരിച്ചടച്ചില്ല; യുവതിയെ പലിശക്കാരൻ മരത്തിൽ കെട്ടിയിട്ടു, ചീത്തവിളിയും മർദ്ദനവും

ഹൈദരാബാദ്: ഭർത്താവ് കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് യുവതിയോട് കൊടും ക്രൂരത. പലിശക്കാരൻ യുവതിയെ മർജ്ജിച്ചു, മരത്തിൽ കെട്ടിയിട്ട് നാട്ടുകാരുടെ മുന്നിലിട്ട് അസഭ്യം പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ മണ്ഡലമായ ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സിരിശ എന്ന യുവതിയാണ് മണിക്കുന്നപ്പ എന്ന പലിശക്കാരന്‍റെ ക്രൂരതക്കിരയായത്. സിരിശയുടെ ഭർത്താവ് തിമ്മരയപ്പ പണമിടപാടുകാരനിൽ നിന്ന് മൂന്ന് വർഷം മുൻപ് 80,000 രൂപ കടം വാങ്ങിയിരുന്നു.

കൂലിവേല ചെയ്തിരുന്ന കുടുംബത്തിന് പണം തിരിച്ചടക്കാനായിരുന്നില്ല. ഒടുവിൽ ദമ്പതികൾ ഗ്രാമത്തിൽ നിന്നും മറ്റൊരു ഗ്രമത്തിലേക്ക് താമസം മാറി. എങ്ങനെയും പണം ഉണ്ടാക്കി തിരികെ കൊടുക്കാമെന്നാണ് ഇവർ കരുതിയത്. കുടുംബം നോക്കാനായി സിരിശയും ജോലിക്ക് പോയിരുന്നു. ഇതിനിടെ ഗ്രാമത്തിലെ സ്കൂളിൽ നിന്നും മകന്‍റെ പരീക്ഷ റിസൽട്ടും സർട്ടിഫിക്കറ്റുകളും സിരിശ വീണ്ടും ഗ്രാമത്തിലെത്തിയപ്പോഴാണ് പലിശക്കാരൻ പിടികൂടിയത്.

യുവതിയെ തടഞ്ഞ് വെച്ച പലിശക്കാരൻ, ഇവരെ മരത്തിൽ കെട്ടിയിട്ട ശേഷം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പണം തിരിച്ചടച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. വാങ്ങിയ പണം പലിശയടക്കം തിരികെ നൽകണമെന്നും ഇല്ലെങ്കിൽ കൊന്നു കളയുമെന്നുമായിരുന്നു ഭീഷണി. ആരും യുവതിയെ സഹായിക്കാനെത്തിയില്ല. ചിലർ സംഭവത്തിന്‍റെ വീഡിയോ മൊബൈലിൽ പകർത്തിയപ്പോൾ അവരേയയും മണിക്കുന്നപ്പ ആക്രമിക്കാനെത്തിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് സിരിശയെ മോചിപ്പിച്ചത്. പലിശക്കാരൻ മണിക്കുന്നപ്പയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു, സംഭവത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിഷയത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ടു. പ്രതിക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകി

Post a Comment

Previous Post Next Post
Join Our Whats App Group