മദീന : ജൂണിൽ വിവാഹത്തിനായി ഒരുങ്ങിയ വീട്ടിലേക്ക് ഒടുവിൽ ടീനയെത്തി. സങ്കടക്കടലായി നെയ്ക്കുപ്പ. സൗദി അറേബ്യയിലെ അൽ ഉലയ്ക്കു സമീപം കാറപകടത്തിൽ പ്രതിശ്രുത വരനൊപ്പം മരിച്ച മലയാളി നഴ്സ് ടീനയുടെ സംസ്കാരം കഴിഞ്ഞു. 64 ദിവസത്തിന് ശേഷമാണ് 27കാരിയായ ടീന ബൈജുവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. വയനാട് നടവയൽ നെയ്ക്കുപ്പ സെന്റ് ജോസഫ് പള്ളിയിൽ ഇന്ന് ഉച്ചയോടെയാണ് ടീനയുടെ സംസ്കാരം കഴിഞ്ഞത്. ഏപ്രിൽ 2ന് നടന്ന വാഹനാപകടത്തിൽ ടീനയുടേയും പ്രതിശ്രുത വരൻ അഖിലിന്റേയും പാസ്പോർട്ട് അടക്കമുള്ള രേഖകൾ കത്തിനശിച്ചിരുന്നു. ഇതാണ് മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള നിയമ നടപടികളിൽ കാലതാമസമുണ്ടാക്കിയത്. നാല് ദിവസം മുൻപാണ് നോർക്കയുടെ ഇടപെടലിൽ അഖിലിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചത്.
നെയ്ക്കുപ്പ കാരിക്കൂട്ടത്തിൽ ബൈജുവിന്റേയും നിസിയുടേയും മകളായ ടീനയുടെ വിവാഹം നാല് മാസം മുൻപാണ് അമ്പലവയൽ സ്വദേശിയായ കുറ്റിക്കൈത ഇളയിടത്തു മഠത്തിൽ അഖിൽ അലക്‌സുമായി നിശ്ചയിച്ചത്. ഗുഡ്സ് ഓട്ടോ ഡ്രൈവറായ ബൈജുവിന്റേയും അച്ചാർ കമ്പനിയിൽ ജോലി ചെയ്യുന്ന നിസിയുടേയും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. വിവാഹ ശേഷം അഖിലിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോവാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതിനൊപ്പം വിവാഹത്തിനാവശ്യമായ സാധനങ്ങൾ ഒരുമിച്ചു വാങ്ങാനാണ് അഖിൽ മദീനയിലേക്ക് എത്തിയത്. മദീന കാർഡിയാക് സെന്ററിൽ നഴ്സായി ഒന്നര വർഷം മുൻപാണ് ടീന സൗദി അറേബ്യയിലെത്തിയത്. കർഷക കുടുംബത്തിൽ നിന്ന് കഠിനാധ്വാനം ചെയ്താണ് അഖിൽ ഇംഗ്ലണ്ടിലെത്തിയത്.
വെല്ലൂരിലെ ബിരുദ പഠനത്തിനു ശേഷം വിദ്യാർഥി വീസയിലാണ് അഖിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ഇംഗ്ലണ്ടിലേക്ക് പോയത്. രണ്ടര വർഷം മുൻപാണ് അഖിലിന് സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ലഭിക്കുന്നത്. കഷ്ടപ്പാടുകളിൽ നിന്ന് ഇരു കുടുംബങ്ങളും മെല്ലെ കരകയറി വരുന്നതിനിടെയാണ് അഖിലിന്റെയും പ്രതിശ്രുതവധു ടീനയുടെയും മരണ വാർത്തയെത്തുന്നത്. അപകടത്തിൽ ഇരുവരുടേയും പാസ്പോർട്ടുകളും മറ്റുരേഖകളും കത്തി നശിച്ചിരുന്നു. കെഎംസിസി വെൽഫെയർവിങ് പ്രവർത്തകരുടേയും നോർക്കയുടേയും കൂട്ടായ പരിശ്രമത്തിലാണ് സാങ്കേതിക ബുദ്ധിമുട്ടുകൾ മറികടന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
Post a Comment