കല്‍പ്പറ്റ: ദക്ഷിണേന്ത്യയിലെ ആദ്യ എക്സ്ബാന്‍റ് റഡാർ വയനാട്ടിൽ വരുന്നു. കാലാവസ്ഥ നിരീക്ഷണത്തിനായുള്ള എക്സ്ബാൻഡ് റഡാർ സ്ഥാപിക്കാൻ ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് വയനാട്ടിലെ പഴശ്ശിരാജ കോളേജ് ക്യാപസ് ഐഎംഡി കണ്ടെത്തിയത്. റഡാർ സ്ഥാപിക്കാനായി മുപ്പത് സെന്‍റ് സ്ഥലം മുപ്പത് വർഷത്തേക്ക് കോളേജ് സർക്കാരിന് നല്‍കുകയാണ്.
മുണ്ടക്കൈ ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ശേഷമാണ് കാലാവസ്ഥ നിരീക്ഷണത്തിനായി എക്സ്ബാന്‍റ് റഡാർ സ്ഥാപിക്കാനുള്ള തീരുമാനം കാലാവസ്ഥ വകുപ്പ് എടുത്തത്. 2010 മുതല്‍ വടക്കൻ കേരളത്തിൽ ഒരു റഡാർ വേണമെന്ന ആവശ്യം നിലനില്‍ക്കുന്നുണ്ട്. നിലവില്‍ കൊച്ചിയില്‍ ഒരു സി ബാന്‍റ് റഡാറും തിരുവന്തപുരത്ത് ഐഎസ്ആർഒയുടെ എസ് ബാന്‍റ് റഡാറും ഉണ്ട്. തമിഴ്നാട് കർണാടക സംസ്ഥാനങ്ങള്‍ക്കും കൂടി ഗുണം ലഭിക്കുന്ന രീതിയിലാണ് പുല്‍പ്പള്ളി പഴശ്ശി രാജ കോളേജില്‍ സ്ഥാപിക്കുന്ന എക്സ് ബാന്‍റ് റഡാറിന്‍റെ പ്രവർത്തനം.
ബീം ബ്ലോക്കേജ് ടെസ്റ്റിലൂടെ റഡാർ സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലം പഴശ്ശിരാജ കോളേജിന്‍റെ ക്യാംപാസണെന്ന തിരിച്ചറിയുകയായിരുന്നു. സ്ഥലം നല്‍കുന്നതിന് കോളേജ് അധികൃതരും സന്നദ്ധരായി. പഴശ്ശിരാജ കോളേജില്‍ സ്ഥാപിക്കുന്ന എക്സ് ബാന്‍റ് റഡാർ കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിലും സ്ഥാപിച്ചിരുന്നു. വയനാട്ടിലേക്ക് ഉള്ള റഡാർ ബെഗുളൂരുവിലെ ഭെല്ലിലാണ് നിർമ്മിക്കുന്നത്.
രാജ്യത്തെ കാലാവസ്ഥ നിരീക്ഷണത്തിന് മുതല്‍കൂട്ടാകുന്ന പദ്ധതിയില്‍ പങ്കാളികളാകുന്നതിനാല്‍ പഴശ്ശി രാജ കോളേജിന് ദുരന്ത ലഘൂകരണം സംബന്ധിച്ച കോഴ്സ് ആരംഭിക്കുന്നതിനും സഹായം ലഭിക്കും. അതേസമയം ഈ കാലാവർഷം അവസാനിക്കുന്നതിന് മുൻപ് എക്സ് ബാന്‍റ് റഡാർ പ്രവർത്തനം തുടങ്ങുമോയെന്നതില്‍ സംശയം നിലനില്‍ക്കുണ്ട്.
إرسال تعليق