ദില്ലി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയിൽ ഇടമില്ലാതെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഫുൾ സർവീസ് വിമാനക്കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ 23ൽ ഒറ്റ വിമാനക്കമ്പനി പോലും ഇടം പിടിച്ചില്ല. ലോകോസ്റ്റ് എയർലൈനുകളിൽ ഇൻഡിഗോ എയർലൈൻസ് 19-ാമത് എത്തി.
ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടികയിൽ യുഎഇയുടെയും ഖത്തറിന്‍റെയും വിമാന കമ്പനികൾ ഇടം പിടിച്ചു. എമിറേറ്റ്സ്, എത്തിഹാദ്, ഖത്തർ എയര്‍വേയ്സ് എന്നിവയ്ക്കൊപ്പം ലോകോസ്റ്റ് എയർലൈനായ എയർ അറേബ്യ, ഫ്ലൈദുബായ് എന്നിവയും പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് ലോകോസ്റ്റ് വിമാന കമ്പനികളിൽ മികച്ച സുരക്ഷയുള്ള വിമാനങ്ങളുടെ പട്ടികയിലുണ്ട്. പ്രമുഖ ഏവിയേഷൻ റേറ്റിങ് ഏജൻസിയായ എയർലൈൻ റേറ്റിങ്സ്. കോമിന്‍റേതാണ് പുതിയ റിപ്പോർട്ട്.
എയർ ന്യുസിലാൻഡ് ആണ് ലോകത്തേറ്റവും സുരക്ഷിതമായ എയർലൈൻ. ലോകോസ്റ്റ് വിമാനക്കമ്പനികളിൽ ഒന്നാമൻ എച്ച്കെ എക്സ്പ്രസാണ്. യുഎഇയുടെ വിമാനക്കമ്പനികളുടെ മിന്നുന്ന പ്രകടനമാണ് പട്ടികയിൽ. ഖത്തർ എയർവേസിനൊപ്പം യുഎഇയുടെ എമിറേറ്റ്സ് എയർലൈൻസുമാണ് മൂന്നാം സ്ഥാനം പങ്കിട്ടിരിക്കുന്നത്. എത്തിഹാദ് എയർവേസ് അഞ്ചാം സ്ഥാനത്ത്. ലോകോസ്റ്റ് വിമാനക്കമ്പനികളിൽ ഫ്ലൈദുബായിയുയും എയർ അറേബ്യയും പട്ടികയിൽ ഇടംപിടിച്ചു.
കഴിഞ്ഞ 2 വർഷത്തെ സർവ്വീസിനിടയിലെ സംഭവങ്ങൾ, വിമാനങ്ങളുടെ പഴക്കം, വലിപ്പം, അപകട തോത്, മരണം, കമ്പനി നേടുന്ന ലാഭം, സുരക്ഷാ സാക്ഷ്യ പത്രങ്ങൾ, പൈലറ്റുമാരുടെ മികവ് എന്നിവ വിലയിരുത്തിയാണ് റേറ്റിങ്. ലോകോസ്റ്റ് വിഭാഗത്തിൽ ഫ്ലൈദുബായ് 11ഉം എയർ അറേബ്യ 18ഉം സ്ഥാനം നേടി. എയർ ഇന്ത്യയും ബജറ്റ് എയർലൈനായ പ്രവാസികളുടെ സ്വന്തം എയർ ഇന്ത്യ എക്സ്പ്രസും പട്ടികയിലില്ല. ജൂൺ 11നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
Post a Comment