Join News @ Iritty Whats App Group

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ 11 പേ‌ർ മരിച്ച സംഭവം; വിരാട് കോഹ്‌ലിയും ഉത്തരവാദി, പരാതി നൽകി സാമൂഹിക പ്രവർത്തകൻ


ബെംഗളൂരു:ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെയും പരാതി. സാമൂഹിക പ്രവർത്തകൻ എച്ച്‌എം വെങ്കിടേഷ് ആണ് വിരാട് കോഹ്ലിലെക്കെതിരെ പരാതി നൽകിയിട്ടുള്ളതെന്ന് വാർത്താ ഏജൻസിയായ എ‌എൻ‌ഐ റിപ്പോർട്ട് ചെയ്തു. ആർ‌സി‌ബിയുടെ ആദ്യ ഐ‌പി‌എൽ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേ‌‍ർ മരിച്ച സംഭവത്തിൽ വിരാട് കോഹ്‌ലിയും ഉത്തരവാദിയാണെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ വിരാട് കോഹ്ലിക്കെതിരായ പരാതിയിൽ ഇതുവരെ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിട്ടില്ല.

അതേ സമയം, കേസിൽ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ അറസ്റ്റ് ഉൾപ്പെടെ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഇനി പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ തടഞ്ഞുകൊണ്ടാണ് ഉത്തരവ്. കെഎസ്‍സിഎ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാറിന്‍റെ ബെഞ്ചിന്‍റേതാണ് ഉത്തരവ്.കെഎസ്‍സിഎ പ്രസിഡന്‍റ് എ രഘുറാം ഭട്ട് അടക്കമുള്ളവരാണ് ഹർജി നൽകിയത്. ഇന്ന് രാവിലെ കെഎസ്‍സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

കേസ് ഇനി ജൂൺ 16ന് പരിഗണിക്കും. എന്നാൽ ആര്‍സിബി മാര്‍ക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെയുടെ അറസ്റ്റിൽ തത്കാലം ഇടപെടുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു നിഖിൽ സോസലെ. സംസ്ഥാന സർക്കാരിന് പറയാനുള്ളത് കേൾക്കണമെന്നും കോടതി വ്യക്തമാക്കി.

ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരമാവധി ശേഷി 35,000 ആയിരുന്നുവെന്നും, എന്നാൽ 2 മുതൽ 3 ലക്ഷം വരെ ആളുകൾ പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺ മൈക്കൽ ഡി'കുൻഹയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനെയാണ് കർണാടക സർക്കാർ നിയമിച്ചിട്ടുള്ളത്

Post a Comment

Previous Post Next Post
Join Our Whats App Group