ബെംഗളൂരു: ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി വിവരം. കണ്ണൂർ സ്വദേശി ശിവ്‍ലിംഗ് ആണ് മരിച്ചത്. 17 വയസുകാരനാണ്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിലവിൽ 11 പേരാണ് മരിച്ചത്.
അതേസമയം, അപകടത്തില്‍ മജിസ്റ്റീരിയൽ കർണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തിൽ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദുരന്തത്തിനിടെയും ആഘോഷം തുടർന്നുവെന്ന് വിമർശനം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത്. ഒരു തരത്തിലും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ദുരന്തത്തിനെച്ചൊല്ലി രാഷ്ട്രീയം കളിക്കാനുമില്ല. ദുരന്തത്തിന് കാരണം ആളുകൾ ഇടിച്ച് കയറിയതാണെന്നും സിദ്ധരാമയ്യ സ്ഥിരീകരിച്ചു. ഗേറ്റുകളിലൂടെ ആളുകൾ ഇടിച്ച് കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്. ചെറിയ ഗേറ്റുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൻറേത്. ചില ഗേറ്റുകൾ ആളുകൾ തകർത്തുവെന്നും സിദ്ധരാമയ്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
35,000 പേർക്ക് മാത്രം ഇരിക്കാനാകുന്ന സ്റ്റേഡിയത്തിൻറെ പരിസരത്തേക്ക് 3 ലക്ഷം പേരെത്തുമെന്ന് കരുതിയില്ല. വിധാനസൗധയ്ക്ക് സമീപവും ലക്ഷക്കണക്കിന് പേരെത്തിയിരുന്നു, അവിടെ ദുരന്തമുണ്ടായില്ല. കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ എന്ന് ചോദിച്ച സിദ്ധരാമയ്യ, അതിലൊന്നും രാഷ്ട്രീയം കളിക്കാനില്ലെന്നും കൂട്ടിച്ചേർത്തു. ഇത് സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയല്ല, അവിടെയല്ല ദുരന്തമുണ്ടായത്. ബെംഗളൂരു നഗരത്തിൽ ആ സമയത്തുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഈ ഭാഗത്ത് വിന്യസിച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
Post a Comment