ദില്ലി : ഇറാൻ- ഇസ്രയേൽ സംഘർഷത്തിലെ അമേരിക്കയുടെ ഇടപെടൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും. യുദ്ധ സാഹചര്യത്തിൽ അടച്ച വ്യോമ പാത ഇന്ത്യക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം ഇറാൻ തുറന്നു കൊടുത്തിരുന്നു. എന്നാൽ ഇസ്രായേൽ ഇറാൻ സംഘർഷത്തിൽ അമേരിക്കയുടെ ഇടപെടൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇറാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണം ഇറാൻ വ്യോമപാത വീണ്ടും അടയ്ക്കാൻ കാരണമായേക്കും. അത്തരം ഒരു സാഹചര്യമുണ്ടായാൽ അർമേനിയ അടക്കമുള്ള രാജ്യങ്ങളിലൂടെ ആയിരിക്കും ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുക.
വ്യോമ പാത ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇറാൻ തുറന്നപ്പോഴാണ് മഷദിൽ നിന്ന് നേരിട്ട് ഇന്ത്യക്കാരെ ദില്ലിയിൽ എത്തിച്ചത്. ഇന്നത്തെ 2 വിമാനങ്ങളും മഷദിൽ നിന്ന് തന്നെയാണ് എത്തുന്നത്. ഇതിൽ ഇന്ത്യക്കാർക്ക് പുറമേ ശ്രീലങ്ക , നേപ്പാൾ സ്വദേശികളുമുണ്ടെന്ന റിപ്പോർട്ടുകളും ഉണ്ട്. അയൽ രാജ്യങ്ങളുടെ അഭ്യർത്ഥന പ്രകാരം ശ്രീലങ്ക, നേപ്പാൾ സ്വദേശികളെ ഇറാനിൽ നിന്ന് ഒഴിപ്പിക്കാൻ സഹായം നൽകുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാനിൽ നിന്നുള്ള മുഴുവൻ ഇന്ത്യക്കാരെയും ഘട്ടംഘട്ടമായി തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. അതേസമയം ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ അതിർത്തി രാജ്യങ്ങളിലൂടെ ഒഴിപ്പിക്കാൻ തുടങ്ങി എന്ന റിപ്പോർട്ടുകളുമുണ്ട്.
ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ എണ്ണം 1117 ആയി
ഓപ്പറേഷൻ സിന്ധു ദൗത്യത്തിലൂടെ 290 ഇന്ത്യക്കാരെക്കൂടി ഇറാനിൽനിന്ന് ദില്ലിയിലെത്തിച്ചു. ഇതോടെ ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ എണ്ണം 1117 ആയി. രണ്ട് വിമാനങ്ങൾ കൂടി ഇന്ന് ഇറാനിൽ നിന്ന് ദില്ലിയിലെത്തും. ഇന്നലെ രാത്രി 11.30നാണ് ഇറാനിൽ നിന്നുള്ള ഇന്തയക്കാരുമായുള്ള അഞ്ചാമത്തെ പ്രത്യേക വിമാനം ദില്ലിയിൽ എത്തിയത്. 290 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതോടെ ഇറാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച ഇന്ത്യക്കാരുടെ എണ്ണം 1117 ആയി. ഇന്നലെ എത്തിയ 256 പേരടങ്ങുന്ന നാലാമത്തെ സംഘത്തിൽ മലയാളിയും ഉൾപ്പെട്ടിരുന്നു. ഇന്ന് 2 വിമാനങ്ങൾ കൂടി ഇറാനിൽ നിന്ന് ഇന്ത്യയിലെത്തും. ഈ സംഘങ്ങളിൽ മലയാളികൾ ഉണ്ടോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.
Post a Comment