Join News @ Iritty Whats App Group

സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം; പ്രതിരോധിക്കാൻ പ്രതിപക്ഷസർക്കാരുകളെ അണിനിരത്താനൊരുങ്ങി MK സ്റ്റാലിൻ


ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരായ രാഷ്ട്രപതിയുടെ നീക്കം പ്രതിരോധിക്കാൻ പ്രതിപക്ഷസർക്കാരുകളെ അണിനിരത്താനൊരുങ്ങി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രസിഡൻഷ്യൽ റഫറൻസിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച രാഷ്ട്രപതിയുടെ നടപടി ഒന്നിച്ച് ചെറുക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎ ഇതരമുഖ്യമന്ത്രിമാർക്ക് സ്റ്റാലിൻ കത്തയച്ചു.

കേരളം ഉൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. ഫെഡറലിസം സംരക്ഷിക്കാൻ ഒന്നിച്ച് നിൽക്കണമെന്നാണ് കത്തിലെ ആവശ്യം. യോജിച്ച നിയപോരാട്ടം നടത്തണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു. കഴിയുമെങ്കിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനും സ്റ്റാലിൻ ശ്രമിക്കുന്നുണ്ട്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത് ഉള്‍പ്പെടെ 14 ചോദ്യങ്ങള്‍ രാഷ്ട്രപതി ഉന്നയിച്ചിരുന്നു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് പതിന്നാല് വിഷയങ്ങളില്‍ വ്യക്തത തേടിയത്.



ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റെഫറന്‍സില്‍ വ്യക്തമാക്കുന്നുണ്ട്.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഈ വിധിക്ക് പിന്നാലെ ഗവര്‍ണറുടെ അംഗീകാരമില്ലാതെ തന്നെ നിയമമാകുകയും ചെയ്തു. ഇതിനു പിന്നാലെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രിയായ അര്‍ജുന്‍ രാം മേഘ്വാളും രാഷ്ട്രപതിയെ കണ്ടിരുന്നു. തുടര്‍ന്നാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന അധികാരമുപയോഗിച്ച് 14 ചോദ്യങ്ങള്‍ സുപ്രീംകോടതിയോട് ചോദിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group