Join News @ Iritty Whats App Group

മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം; കാണാതായ ഒമ്പതു വയസുകാരിക്കായി തെരച്ചിൽ തുടരുന്നു


വയനാട് മാനന്തവാടിയിൽ കൊല്ലപ്പെട്ട പ്രവീണയുടെ കാണാതായ ഒമ്പത് വയസുകാരിയായ മകൾക്കായി തെരച്ചിൽ തുടരുന്നു. വീടിന് സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ഫയർഫോഴ്സും വനംവകുപ്പും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. എന്നാൽ ശക്തമായ മഴ തുടരുന്നത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.

ഇന്നലെ രാത്രി മുതലാണ് കുട്ടിയെ കാണാതായത്. പ്രവീണയെ കൊലപ്പെടുത്തിയ പങ്കാളി ദിലീഷിനായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രവീണയും മക്കളും താമസിച്ചിരുന്നത് അപ്പപ്പാറ വാകേരിയിലാണ്. വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ നിന്ന് കുട്ടിയെ കാണാതായത് ആശങ്ക ജനകമാണ്.

ഇന്നലെയായിരുന്നു വാകേരി സ്വദേശി പ്രവീണ ആൺ സുഹൃത്തായ ദിലീഷിൻറെ വെട്ടേറ്റ് മരിച്ചത്. ആക്രമണത്തിൽ പ്രവീണയുടെ മക്കൾക്കും വെട്ടേറ്റിരുന്നു.14 വയസുള്ള മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. ഈ കുട്ടി നിലവിൽ മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാമത്തെ കുട്ടിക്കായുള്ള അന്വേഷണം ആണ് പുരോഗമിക്കുന്നത്. പ്രവീണയെ കൊലപ്പെടുത്തിയ ദിലീഷ് കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല.

Post a Comment

أحدث أقدم
Join Our Whats App Group