ബെംഗളൂരു: എസ്ബിഐ ബ്രാഞ്ച് മാനേജരും ഇടപാടുകാരനും തമ്മിലുണ്ടായ ഹിന്ദി - കന്നട പോരിന് പിന്നാലെ ബ്രാഞ്ച് മാനേജരെ സ്ഥലം മാറ്റി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. ബാങ്ക് മാനേജർ ചെയ്തത് ശരിയായില്ലെന്നും എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ഉടനടി നടപടി സ്വീകരിച്ച എസ്ബിഐയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കടുത്ത വിമർശനം നേരിട്ടതോടെ ഉദ്യോഗസ്ഥ വീഡിയോ സന്ദേശത്തിലൂടെ ക്ഷമാപണം നടത്തി.
ഇത് കർണാടകയെന്ന് യുവാവ്, ഹിന്ദിയിലേ സംസാരിക്കൂ എന്ന് മാനേജർ
ബെംഗളൂരുവിലെ ആനേക്കൽ താലൂക്കിലെ സൂര്യ നഗരയിലുള്ള എസ്‌ബിഐ ബ്രാഞ്ചിലാണ് സംഭവം നടന്നത്. എസ്ബിഐ മാനേജർ കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചതോടെ 'ഇത് കർണാടകയാണ്' എന്ന് യുവാവ് ഓർമിപ്പിച്ചപ്പോൾ 'ഇത് ഇന്ത്യയാണ്' എന്നായിരുന്നു വനിതാ മാനേജരുടെ മറുപടി.
'ഇത് കർണാടകയാണ്' എന്ന് ഉപഭോക്താവ് പറഞ്ഞപ്പോൾ 'നിങ്ങളല്ല എനിക്ക് ജോലി തന്നത്' എന്നായിരുന്നു എസ്ബിഐ മാനേജരുടെ പ്രതികരണം. 'ആദ്യം കന്നഡ മാഡം' എന്ന് യുവാവ് വീണ്ടും പറഞ്ഞപ്പോൾ 'ഞാൻ നിങ്ങൾക്കായി കന്നഡ സംസാരിക്കില്ല' എന്നായിരുന്നു മാനേജറുടെ മറുപടി. അപ്പോൾ 'നിങ്ങൾ ഒരിക്കലും കന്നഡയിൽ സംസാരിക്കില്ലേ?' എന്ന് കസ്റ്റമർ ആവർത്തിച്ചു ചോദിച്ചു. 'ഇല്ല ഞാൻ ഹിന്ദിയിൽ സംസാരിക്കും' എന്ന് മാനേജർ ശഠിച്ചു. ഓരോ സംസ്ഥാനത്തും അതത് ഭാഷ സംസാരിക്കണമെന്ന് ആർബിഐ നിയമമുണ്ടെന്ന് ഉപഭോക്താവ് മാനേജരെ ഓർമിപ്പിച്ചു.
എന്നിട്ടും "ഞാൻ ഒരിക്കലും കന്നഡ സംസാരിക്കില്ല" എന്ന് ബാങ്ക് മാനേജർ ആവർത്തിച്ചു. "സൂപ്പർ, മാഡം, സൂപ്പർ" എന്ന് ഉപഭോക്താവ് പരിഹസിച്ചു. ഇരുവരുടെയും സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മാനേജർക്കെതിരെ നടപടി ആവശ്യം ഉയർന്നു.
ക്ഷമാപണം നടത്തി ബാങ്ക് മാനേജർ
മാനേജർ - കസ്റ്റമർ തർക്കം വൈറലായതോടെ ബാങ്ക് മാനേജരെ സ്ഥലം മാറ്റിയിരിക്കുകയാണ് എസ്ബിഐ. വ്യാപകമായ പ്രതിഷേധം നേരിട്ടതിനെ തുടർന്ന്, ഉദ്യോഗസ്ഥ പിന്നീട് വീഡിയോ സന്ദേശത്തിൽ ക്ഷമാപണം നടത്തി.
Post a Comment