Join News @ Iritty Whats App Group

പശു ഇറച്ചി വിറ്റെന്ന് ആരോപിച്ച് കടയുടമക്ക് മർദ്ദനം, മലയാളി വിദ്യാർഥികളുടെ ഫ്ലാറ്റുകൾ പരിശോധിക്കണമെന്ന് ആവശ്യം

ദില്ലി: പശുമാംസം വിറ്റെന്ന് ആരോപിച്ച് ആൾക്കൂട്ടം കടയുടമയെ മർദിച്ചു. ഡൽഹി സർവകലാശാല നോർത്ത് ക്യാംപസിന് അടുത്തു വിജയ്നഗറിലെ മാംസ കച്ചവടക്കാരനെയാണ് ഒരു സംഘമാളുകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കടയിൽനിന്നു മാംസം വാങ്ങിയ 15കാരൻ പൊലീസിൽ പരാതി നൽകിയിരുന്നു. വിവരം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടയ്ക്കു മുന്നിൽ ആളുകൾ കൂട്ടമായെത്തി. തുടർന്നാണ് കടയുടമ ചമൻ കുമാറിനെ ഗോസംരക്ഷകരടക്കമുള്ളവരെത്തി ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ചമൻ ആശുപത്രിയിലാണ്.

പരാതിയുടെ അടിസ്ഥാനത്തിൽ കടയിൽനിന്നു ശേഖരിച്ച മാംസത്തിന്റെ സാംപിൾ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേ സമയം കടയുടമയെ മർദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വിദ്യാർഥികളെ ആൾക്കൂട്ടം ആക്രമിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ ആരോപിച്ചു. വിദ്യാർഥികൾ ആക്രമിക്കപ്പെട്ടതായി സിപിഎം നേതാവ് വൃന്ദ കാരാട്ട് മോഡൽ ടൗൺ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്

ദില്ലി സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ താമസിക്കുന്ന പ്രദേശമാണ് ആക്രമണം നടന്ന വിജയ നഗർ. ആക്രമണം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ വിദ്യാർഥികളുടെ ബാഗുകൾ തുറന്നു പരിശോധിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെന്നും, ഈ പരിസരത്ത് താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍നിന്നുമുള്ള വിദ്യാർഥികളുടെ ഫ്ലാറ്റുകളും താമസ സ്ഥലങ്ങളും റെയ്ഡ് ചെയ്യണമെന്ന് ആൾക്കൂട്ടം ആവശ്യപ്പെട്ടതായും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. 

വിദ്യാർത്ഥികളെയടക്കം കയ്യേറ്റം ചെയ്യുന്ന നിലയിലാണ് ആൾക്കൂട്ടം സംഘടിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബൃന്ദ കാരാട്ട് പൊലീസിൽ വിളിച്ച് വിവരങ്ങൾ തിരക്കിയിട്ടുണ്ടെന്നും മലയാളികളടക്കമുള്ള വിദ്യാർഥികളുടെയും കടയുടമയുടെ കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച് പൊലീസ് ഉറപ്പു നൽകിയിട്ടുണ്ടെന്നും എസ്എഫ് ഐ നേതാവ് സൂരജ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group