കാഞ്ഞിരക്കൊല്ലി: അരുംകൊലയിൽ
വിറങ്ങലിച്ച് നിൽക്കുകയാണ്
കാഞ്ഞിരക്കൊല്ലി ആമിനപ്പാല ത്തെ
ജനങ്ങൾ. ഭാര്യയുടെയും പിഞ്ചുമക്കളുടെയും
മുന്നിലിട്ടാണ് മഠത്തേടത്ത് വീട്ടിൽ
നിധീഷ്ബാബുവിനെ(38) സ്വന്തം
പണിശാലയിൽ നിർമിച്ച വാക്കത്തികൊണ്ട്
തലങ്ങും വിലങ്ങും പ്രതികൾ വെട്ടിയത്.
ഭർത്താവിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ ശ്രുതിയുടെ(28) കൈയ്ക്കും വെട്ടേറ്റു. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ കാഞ്ഞിരക്കൊല്ലി ടൗണില്‍ കടയില്‍ എത്തി സുഹൃത്തുക്കളുമായി സംസാരിച്ച നിധീഷ് ഉച്ചയോടെയാണ് വീട്ടിലേക്ക് തിരിച്ചത്.
പണിശാലയില്‍ നല്കിയ ഒരു രഹസ്യ ആയുധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. ആയുധത്തിനായി നേരത്തേയും ഈ സംഘം എത്തിയെന്നും പറയുന്നുണ്ട്. നിധീഷ് ആലയില്‍ പണിതീര്‍ത്തുവച്ച കത്തി ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പയ്യാവൂർ പോലീസ് പറഞ്ഞു.
തലയുടെ പിന്‍ഭാഗത്ത് കത്തികൊണ്ട് വെട്ടിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസ് നല്കുന്ന സൂചന. ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞുവെന്നാണ് വിവരം. പ്രതികളിലൊരാളുടെ വീടായ അരങ്ങ് കോട്ടയംതട്ടിലെ വീട്ടില്‍ കുടിയാൻമല പോലീസ് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി വാഹനം വീട്ടില്‍വച്ച ശേഷം നമ്ബർ പ്ലേറ്റ് ഇളക്കിമാറ്റിയിരുന്നു.
പ്രതി സംഭവത്തിനു ശേഷം വീട്ടിലെത്തി കുളിച്ചശേഷം മൊബൈല്‍ ഫോണ്‍ വീട്ടില്‍ തന്നെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. കണ്ണൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാള്‍ വീട്ടിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കണ്ണൂരില്‍ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തിയശേഷം രാത്രി എഴോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പയ്യാവൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ട്വിങ്കിള്‍ശശിയാണ് കേസന്വേഷിക്കുന്നത്.
Post a Comment