Join News @ Iritty Whats App Group

മഴ ശക്തി കുറയും; നാളെ എല്ലാ ജില്ലയിലും യെല്ലോ അലർട്ട് മാത്രം, കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിൽ, കുറവ് ആലപ്പുഴയിൽ


തിരുവനന്തപുരം: സംസ്ഥാനത്തെ
അതിതീവ്രമഴക്ക് നാളെ മുതൽ
നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥ
വകുപ്പ് അറിയിക്കുന്നു.


ഇന്ന് എട്ടു ജില്ലകളില്‍ സംസ്ഥാനത്ത് റെഡ് അലർട്ടുണ്ടായിരുന്നെങ്കിലും നാളെ ഒരിടത്തും റെഡ്, ഓറഞ്ച് അലർട്ടില്ല. മുഴുവൻ ജില്ലകളിലും നിലവില്‍ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. അതി തീവ്രമഴക്ക് നേരിയ ശമനമുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രത മുന്നറയിപ്പില്‍ ചെറിയ അയവ് വരുത്തിയത്.

കേരള തീരത്ത് കാറ്റിൻ്റെ ശക്തി ഇന്ന് വൈകിട്ട് മുതല്‍ കുറയുമെന്നും നാളെ സാധാരണ തോതിലുള്ള മഴയും തൊട്ടടുത്ത ദിവസങ്ങളില്‍ മഴയുടെ ശക്തി ഗണ്യമായും കുറയുമെന്ന് കാലാവസ്ഥ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ പെയ്തത് റെക്കോഡ് മഴയാണ്. മെയ് ഒന്നു മുതല്‍ 30 വരെ 111 ശതമാനം അധികമഴയാണ് കേരളത്തില്‍ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിലാണ്. 314 ശതമാനം അധികമഴയാണ് കണ്ണൂരില്‍ ലഭിച്ചത്. 184 ശതമാനം അധികമഴ ലഭിച്ച കോഴിക്കോടാണ് രണ്ടാമത്. 34 ശതമാനം അധികമഴ ലഭിച്ച ആലപ്പുഴയാണ് മഴലഭ്യതയില്‍ കൂട്ടത്തില്‍ പിന്നിലുള്ളത്.

 
എന്നാല്‍, സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കാലവർഷക്കെടുതിയില്‍ ഇന്ന് നാല് പേർ കൂടി മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി പുല്ലുവിള സ്വദേശികളായ തഥയൂസ്, സ്റ്റെല്ലസ് എന്നിവര്‍ മരിച്ചു.

ചെറായിയില്‍ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെയും മലപ്പുറം കാളികാവില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെയും കാണാതായി. മരം വീണ് ഇന്നും നിരവധി വീടുകള്‍ തകർന്നു.

Post a Comment

Previous Post Next Post
Join Our Whats App Group