Join News @ Iritty Whats App Group

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരനായിക സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു

ആലപ്പുഴ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ ഇരയായ കന്യാസ്ത്രീയ്ക്ക് വേണ്ടി പോരാടിയ സിസ്റ്റർ അനുപമ സഭാ വസ്ത്രം ഉപേക്ഷിച്ചു. കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന സന്യാസമഠത്തിൽ നിന്ന് ഒന്നര മാസം മുൻപാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്. ജലന്ധർ രൂപതയ്ക്ക് കീഴിലാണ് കുറവിലങ്ങാട്ടെ സന്യാസ മഠം പ്രവർത്തിക്കുന്നത്. എംഎസ്ഡബ്ല്യു ബിരുദധാരിയായ അനുപമയ്ക്ക് പിതാവ് സമര വേദിയിൽ പിന്തുണയുമായി എത്തിയിരുന്നു. ബിഷപ്പിനെ കുറ്റവിമുക്തമാക്കിയ ശേഷം കുറവിലങ്ങാട്ടെ മഠത്തിൽ തുടരുകയായിരുന്നു സിസ്റ്റർ അനുപമ. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ സമരത്തിൽ ഭാഗമായിരുന്ന മറ്റ് രണ്ട് സന്യാസിനികൾ സഭ വിട്ടതായാണ് ദി ന്യൂസ് മിനിട്ട് റിപ്പോർട്ട് ചെയ്യുന്നത്. 

പീഡനപരാതിയിൽ കുറവിലങ്ങാട് പൊലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും രണ്ട് മാസത്തിലധികം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതിരുന്നതോടെയാണ് മഠത്തിന്‍റെ മതിൽക്കെട്ടിന് പുറത്തേക്ക് കന്യാസ്ത്രീകളുടെ ശബ്ദം ഉയർന്നത്. സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ അഞ്ച് പേർ സമരത്തിനിറങ്ങി. കോട്ടയത്ത് നിന്ന് കൊച്ചിയിലെ വഞ്ചി സ്ക്വയറിലേക്ക് എത്തിയായിരുന്നു സമരം. 

സഹപ്രവർത്തക അനുഭവിച്ച ക്രൂരപീഡനത്തിന് കാരണക്കാരനായ ബിഷപ്പിന്‍റെ അറസ്റ്റ് എന്ന ആവശ്യവുമായി 13 ദിവസമാണ് കന്യാസ്ത്രീകൾ സമരമിരുന്നത്. ഒടുവിൽ 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ ഫ്രാങ്കോയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോട്ടയം ജില്ലാ കോടതി 2022 ജനുവരിയിൽ കുറ്റവിമുക്തനാക്കിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗപരാതി ആദ്യം മുക്കിയത് മദർ ജനറാൾ തന്നെയായിരുന്നുവെന്ന് സിസ്റ്റർ അനുപമ ആരോപിച്ചിരുന്നു. 

ലൈംഗിക പീ‍ഡനക്കേസിൽ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചിരുന്നു. രാജി അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group