Join News @ Iritty Whats App Group

വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു, അത്യാസന്ന നിലയിൽ


തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം.

സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്. സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്‍റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിന്‍റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വിലയിരുത്തൽ.

താനും ജീവനൊടുക്കുമെന്ന് അഫാൻ നേരത്തെ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അഫാനെ ജയലിലിൽ പ്രത്യേക നിരീക്ഷണമുള്ള യുടിബി ബ്ലോക്കിൽ മറ്റൊരു തടവുകാരനൊപ്പം താമസിപ്പിച്ചത്. വലിയ കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്നായിരുന്നു അഫാൻ പറഞ്ഞിരുന്നത്.  

കൂട്ടക്കൊലപാതകത്തില്‍ ഇന്നലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെതിരെ പാങ്ങോട് പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളും 40 തൊണ്ടിമുതലുകളുമാണുള്ളത്. സല്‍മ ബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കടവും അഫാനോട് കടക്കാര്‍ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമായിരുന്നു കൊലപാതകത്തിന്‌ പിന്നിലെന്നാണ്‌ കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്. കുടുംബം കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോൾ പിതൃമാതാവിനോട്‌ സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല . ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group