Join News @ Iritty Whats App Group

സ്വന്തം ചെലവിൽ പ്രവാസിയുടെ പിഴയടച്ച് യുഎഇ കോടതിയിലെ ജഡ്ജി, മനുഷ്യത്വപരമായ ഇടപെടലെന്ന് യുഎഇ പ്രസി‍‍ഡന്റ്


ദുബൈ: യുഎഇ പ്രസി‍‍ഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രശംസ പിടിച്ചുപറ്റി ഉമ്മുൽഖുവൈൻ ഫെഡറൽ പ്രൈമറി കോടതിയിലെ ജ‍ഡ്ജി ഹമീദ് അൽ അലി. ഒരു പ്രവാസി കുടുംബത്തോട് കാണിച്ച മനുഷ്യത്വപരമായ ഇടപെടലിനാണ് ഇദ്ദേഹം ശൈഖ് മുഹമ്മദിന്റെ പ്രശംസ പിടിച്ചുപറ്റിയത്. വിസാ കാലാവധി കഴിഞ്ഞിട്ടും റസിഡൻസി വിസ പുതുക്കാൻ കഴിയാതെ വന്ന പ്രവാസി കുടുംബത്തിനാണ് ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ പുതുജീവിതം ലഭിച്ചത്. 

വിസ കാലാവധി കഴിഞ്ഞിട്ടും പ്രവാസി അദ്ദേഹത്തിന്റെയോ ഭാര്യയുടെയോ നാല് കുട്ടികളുടെയോ റസി‍ഡൻസി വിസ കഴിഞ്ഞ അഞ്ച് വർഷമായി പുതുക്കിയിരുന്നില്ല. നിയമലംഘനത്തിന് ഇയാൾക്കെതിരെ 60,000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ പിന്നീട് കോടതിയിൽ കേസെത്തുകയും കുടുംബം ഹാജരാകുകയും ചെയ്തു. എന്തുകൊണ്ടാണ് വിസ പുതുക്കാതിരുന്നത് എന്ന ചോദ്യത്തിന് ​ഗൃഹനാഥൻ നൽകിയ മറുപടിയാണ് ജ‍‍ഡ്ജിയുടെ മനസ്സിൻ തറച്ചത്. 

തന്റെ എമിറാത്തി സ്പോൺസറിന് കാൻസർ ബാധിച്ചതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ പരിചരിക്കുകയായിരുന്നെന്നും അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെയും കൂടെ നിൽക്കേണ്ടത് തന്റെ കടമയാണെന്നതിനാൽ മറ്റെല്ലാ കാര്യങ്ങളും മറന്നുപോയെന്നും അതിനാലാണ് വിസ കാലാവധി കഴിഞ്ഞ കാര്യം ഓർക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിന്റെ കുട്ടിയും അടുത്ത് നിൽപ്പുണ്ടായിരുന്നു. പരമ്പരാ​ഗത അറബ് വസ്ത്രം അണിഞ്ഞുനിന്ന കുട്ടിയെ ജഡ്ജി അരികിലേക്ക് വിളിക്കുകയും പേരെന്താണെന്ന് ചോദിക്കുകയും ചെയ്തു. സായിദ് എന്നാണ് തന്റെ പേരെന്ന് കുട്ടി മറുപടി നൽകി. കുട്ടിയുടെ പേര് കേട്ടതും യുഎഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ ചിത്രമാണ് മനസ്സിൽ തെളിഞ്ഞുവന്നത്. ഉടൻതന്നെ ജഡ്ജി തന്റെ കഴുത്തിൽ ചുറ്റിയിരുന്ന യുഎഇ പതാകയുടെ സ്കാർഫ് തോളിൽ നിന്ന് ഊരിമാറ്റി കുട്ടിയുടെ മേൽ അണിയിച്ചു. സായിദ് പിഴയടക്കേണ്ടെന്നും സായിദ് ആദരവ് ഏറ്റുവാങ്ങേണ്ട ആളാണെന്നും ജഡ്ജി പറയുകയായിരുന്നു. 

ഉടൻതന്നെ പ്രവാസി കുടുംബത്തിനുമേൽ ചുമത്തിയിരുന്ന പിഴ റദ്ദാക്കുകയും പുതിയ വിസയ്ക്കുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാൻ പോലീസിനോട് ഉത്തരവിടുകയുമായിരുന്നു. നിയമത്തിന്റെ എല്ലാ നൂലാമാലകളിൽ നിന്നും ആ പ്രവാസി കുടുംബത്തെ സുരക്ഷിതമാക്കുകയായിരുന്നു ജഡ്ജി ചെയ്തത്. ഇതിന്റെ എല്ലാവിധ ചെലവുകളും സ്വയം വഹിക്കുകയും ചെയ്തു. ഈ സംഭവം പിന്നീട് യുഎഇ പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഒരു പൊതു ചടങ്ങിൽവെച്ച് ജഡ്ജിയെ ആദരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group