Join News @ Iritty Whats App Group

ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ നടപടിയെടുത്ത് കേന്ദ്രം; കരാർ കമ്പനിയെ ഡീബാർ ചെയ്തു, ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ നിർമ്മാണ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്ത് കേന്ദ്രം. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ട്രാൻസ്‌പോർട്ട് മന്ത്രാലയമാണ് നടപടിയെടുത്തത്. കൂടുതൽ കരാർ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും.

തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സർവ്വീസ് റോഡിലേക്ക് പതിച്ചത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാർ ചികിത്സയിലാണ്. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 21 നാണ് ഡൽഹി ഐഐടി പ്രൊഫസർ ജിവി റാവു മേൽനോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്.

നിർമ്മാണ ചുമതല കെഎൻആർ കൺസ്ട്രക്ഷൻസിനും കൺസൾട്ടൻസി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയിൽ ഉൾപ്പെടുത്താതിരിക്കാൻ കമ്പനികളിൽ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പ്രൊജക്ട് മാനേജർ അമർനാഥ് റെഡ്ഡി, കൺസൾട്ടന്റ് ടീം ലീഡർ രാജ്കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

കൂരിയാട് ദേശീയ പാത തകർന്നതിന് കാരണം റോഡിന് താഴെയുള്ള മണ്ണിന്റെ പ്രശ്‌നമാകാമെന്നായിരുന്നു സംഘത്തിന്റെ റിപ്പോർട്ട്. തകർന്ന ദേശീയപാതയുടെ മുകൾ ഭാഗവും സർവീസ് റോഡുമടക്കം പരിശോധിച്ചു. താഴത്തെ ഭാഗം പരിശോധിക്കാതെ സംഘം മടങ്ങിയതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് തിരിച്ചെത്തിയ സംഘം സർവീസ് റോഡ് അടക്കം പരിശോധിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group