Join News @ Iritty Whats App Group

അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; കുടുങ്ങിയത് നൂറിലേറെ വിനോദസഞ്ചാരികള്‍, ഒഴിവായത് വന്‍ ദുരന്തം


കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ഇന്ന് വൈകീട്ട് നാലോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്നവര്‍ പെട്ടെന്ന് തന്നെ പുഴയുടെ ഇരു കരകളിലേക്കും മാറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. 

അതേസമയം നിയന്ത്രിത മേഖല മറികടന്ന് മുകളിലേക്ക് കയറിയ മൂന്നുപേര്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയത് ആശങ്കയുണര്‍ത്തി. അപകട മേഖലയിലെത്തിയ മുക്കം അഗ്‌നിരക്ഷാസേന മൂന്ന് പേരെയും സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രണ്ട് പേരാണ് ഇവിടെ മുങ്ങി മരിച്ചത്. വിനോദ സഞ്ചാരികള്‍ സ്ഥലത്തിന്റെ അപകടാവസ്ഥ മനസ്സിലാക്കാത്തതും നാട്ടുകാരുടെയും ലൈഫ് ഗാര്‍ഡുമാരുടെയും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുമാണ് അപകടം വരുത്തിവെക്കുന്നത്.

മുക്കം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജോയ് എബ്രഹാ മിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ സി മനോജ്, ഫയര്‍ ഓഫീസര്‍മാരായ എം നിസാമുദ്ദീന്‍, ആര്‍ മിഥുന്‍, സി വിനോദ്, ജിആര്‍ അജേഷ്, വി സുനില്‍കുമാര്‍, സനീഷ് പി ചെറിയാന്‍, ഹോംഗാര്‍ഡുമാരായ ചാക്കോ ജോസഫ്, ടി രവീന്ദ്രന്‍, സിഎഫ് ജോഷി എന്നിവരും നാട്ടുകാരും ലൈഫ് ഗാര്‍ഡും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group