ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ ശക്തമായ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിന് ശേഷം പാകിസ്ഥാന്‍റെ ചാര പ്രവൃത്തിയുടെ വലിയ വാർത്തകളാണ് പുറത്തുവന്നത്. പ്രശസ്ത യൂട്യൂബർ ജ്യോതി മൽഹോത്രയടക്കം 12 പേരാണ് ചാരവൃത്തിക്ക് ഇന്ത്യയിൽ പിടിയിലായത്. ഐ എസ് ഐയുടെ പുതിയ തന്ത്രമാണ് സോഷ്യൽ മീഡിയയിലൂടെ ഇന്ത്യക്കെതിരായ വികാരം വളർത്തുക എന്നതാണെന്നാണ് വിദഗ്ധർ ചൂണ്ടികാട്ടുന്നത്. പിടിയിലായ ജ്യോതി മൽഹോത്രയടക്കമുള്ളവരെ നാർക്കോ പരിശോധനക്ക് വിധേയമാക്കിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ഇവർ ചൂണ്ടികാട്ടിയിട്ടുണ്ട്.
ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ പ്രവർത്തിക്കുന്ന ഒരു നയതന്ത്രജ്ഞന് വാട്സാപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് എന്നിവ വഴി തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതായി മൽഹോത്രയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യപ്പെട്ട നയതന്ത്രജ്ഞനെ മെയ് 13 ന് പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കുകയും ഇന്ത്യയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ആക്രമണത്തെത്തുടർന്ന് ഇന്ത്യ കൗണ്ടർ ഇന്റലിജൻസ് പ്രവർത്തനങ്ങൾ ശക്തമാക്കുമ്പോൾ, പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐ എസ് ഐ) യുടെ പ്രവർത്തനരീതിയും ഇന്ത്യൻ മണ്ണിൽ നടപ്പാക്കുന്ന തന്ത്രങ്ങളും മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ഏവരും.
വിശദവിവരങ്ങൾ
പാകിസ്ഥാന് വേണ്ടി വടക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ ചാരശൃംഖലയാണ് കഴിഞ്ഞ ദിവസങ്ങളിൽ സുരക്ഷാ സേന പിടികൂടിയത്. രണ്ട് സ്ത്രീകളും ഒരു യൂട്യൂബറും ഉൾപ്പെടെ 12 പേരെയാണ് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്ന് ചാരവൃത്തിക്കും സൈനിക രഹസ്യങ്ങൾ ചോർത്തിയതിനും സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തത്. പാകിസ്താൻ ഇന്റർ സർവീസസ് ഇന്റലിജൻസുമായും (ഐ എസ് ഐ) ദില്ലിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായും ബന്ധം പുലർത്തിയിരുന്ന വലിയ ശൃംഖലയായിരുന്നു ഇവരുടേതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷമാണ് ചാര ശൃംഖലയിലെ കണ്ണികളുടെ അറസ്റ്റുകൾ നടന്നത്. സൈനിക നീക്കങ്ങൾ, സൈനിക കേന്ദ്രങ്ങൾ മറ്റ് പ്രധാന സ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇവർ ശേഖരിച്ച് കൈമാറിയതായാണ് സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്.
ജ്യോതി മൽഹോത്രയെ അറിയാം
3.77 ലക്ഷം യൂട്യൂബ് സബ്‌സ്‌ക്രൈബർമാരും 1.33 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുമുള്ള ഹിസാർ സ്വദേശിയായ യൂട്യൂബറാണ് ജ്യോതി. പാകിസ്താൻ ഉദ്യോഗസ്ഥനായ ഇഹ്‌സാനുറഹിമുമായി (ഡാനിഷ്) ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ കൈമാറിയതായി ആരോപണം. 2023 ൽ വിസ ആവശ്യങ്ങൾക്കായി ഡാനിഷിനെ ഇവർ പാക് ഹൈക്കമ്മീഷനിൽ സന്ദർശിക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാല് ദിവസത്തെ സംഘർഷ സമയത്തും ഇവർ ഡാനിഷുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post a Comment