തിരുവനന്തപുരം : ദേശീയപാതകളിലെ തകർച്ച വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാതാ അതോറിറ്റിയുമായി ആലോചിച്ച് നിർമ്മാണത്തിൽ പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം കഴിഞ്ഞാൽ പിന്നെ ദേശീയ പാതയിലേക്ക് നോക്കൂവെന്നായിരുന്നു ഇടത് സർക്കാറിന്റെ വൻ പ്രചാരണം. പണി പൂർത്തിയായ റോഡുകളെ ആകാശ ദൃശ്യങ്ങൾ പകര്‍ത്തി സോഷ്യൽ മീഡിയയിൽ ഇട്ട് ക്രെഡിറ്റ് ആവർത്തിച്ച് അവകാശപ്പെട്ടത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസായിരുന്നു. പക്ഷെ കൂരിയാട് അടക്കം ദേശീയപാതയിലെ വിള്ളലും തകർച്ചയും വാർഷിക നാളിൽ ഇടത് സർക്കാറിനെ വെട്ടിലാക്കി.
നീണ്ട പാതയുടെ നേട്ടത്തിനായി മൽസരിച്ച സംസ്ഥാന സർക്കാർ, റോഡ് തകർന്നപ്പോൾ ഉത്തരവാദിത്തം ആർക്കെന്ന് പറയുന്നതേയില്ല. നിർമ്മാണച്ചുമതല കേന്ദ്രത്തിനാണെന്നാണ് ഇടത് സൈബർ ഹാൻഡിലുകളുടെ പ്രതിരോധം. വാർഷിക നാളിലെ റോഡ് തകർച്ച പ്രതിപക്ഷത്തിന് കിട്ടിയ മികച്ച ആയുധമാണെന്നാണ് വിലയിരുത്തൽ.
നിർമ്മാണ ച്ചുമതല കേന്ദ്രത്തിനാണെന്ന് വാദിക്കുമ്പോഴും ഓരോ ഘട്ടത്തിലും പിഡബ്ല്യൂഡി വിലയിരുത്താറുണ്ടെന്ന മുഹമ്മദ് റിയാസിന്റെ പഴയ പ്രതികരണങ്ങൾ കുത്തിപ്പൊക്കിയാണ് കോൺഗ്രസിൻറെ കടന്നാക്രമണം. കേന്ദ്ര സർക്കാറിന്റെ പദ്ധതിയുടെ ക്രഡിറ്റ് കേരളം കൊണ്ട് പോകുന്നതിൽ വലിയ രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തിയ ബിജെപിയും പാത തകർന്നപ്പോൾ മിണ്ടുന്നില്ല.
Post a Comment