വടകര: ദേശീയ
പാതയിൽ മൂരാട് പാലത്തിന് സമീപം
കാറും ട്രാവലർവാനും കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ ഞെട്ടിത്തരിച്ച് വടകര.
കോഴിക്കോട് ഭാഗത്തേക്കു പോകുന്ന കാറും കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് അഴിയൂരില്‍ നിന്നു വിവാഹം കഴിഞ്ഞ് സല്‍ക്കാരത്തിനായി കോഴിക്കോട്ടേക്ക് പോയവർ സഞ്ചരിച്ച കാർ ട്രാവലർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേർ മരിക്കുകയും പത്തോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു .
കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി റെയില്‍വെ സ്‌റ്റേഷനു സമീപം കോട്ടാമല കുന്നുമ്മല്‍ ഷിജിൻലാല്‍, മാഹി പുന്നോല്‍ ജയവല്ലി, ന്യൂ മാഹി റോജ, അഴിയൂർ പാറേമ്മല്‍ രഞ്ജി എന്നിവരാണ് മരിച്ചത്. കാർ മൂരാട് പമ്ബില്‍ നിന്നു പെട്രോള്‍ നിറച്ചതിനുശേഷം യാത്ര തുടർന്നപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ചോറോട് കൊളക്കോട്ട് കണ്ടിയില്‍ സത്യനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാവലർ യാത്രക്കാരായ കർണാടക സ്വദേശികളെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റവരെ വടകര സഹകരണാശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post a Comment