സംഘപരിവാർ ആക്രമണങ്ങൾക്കിടയിൽ റാപ്പർ വേടന് പിന്തുണയുമായി സിപിഐഎം രംഗത്ത്. നരേന്ദ്രമോദിയെ വിമർശിക്കാൻ അധികാരമില്ലെന്ന് ആരാണ് പറഞ്ഞത്? എന്ന ചോദ്യം ഉയർത്തിയ സിപിഐഎം, വിമർശനം ഉയരുകയും, ഉയർത്തുകയും ചെയ്യും എന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എത്ര കേസുകൾ വന്നാലും, കലാകാരൻമാരുടെ സ്വാതന്ത്ര്യത്തിനൊപ്പം നിലപാട് തുടരുരുമെന്നും വ്യക്തമാക്കി.
ആർഎസ്എസും ബിജെപിയും വേടനെ ശത്രുവായി കാണുന്നുവെന്നാണ് സിപിഐഎം വിലയിരുത്തൽ. റാപ്പിനെതിരെയുള്ളത് എങ്ങനെ പട്ടികജാതിക്കാരനെതിരെയാകുമെന്നും സിപിഐഎം ചോദിക്കുന്നു. വേടനെ ദേശവിരുദ്ധനായി മുദ്രകുത്തി ജയിലിലടയ്ക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും സിപിഐഎം കുറ്റപ്പെടുത്തി.
സംഘപരിവാർ ആക്രമണത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ രംഗത്തുവന്നിരുന്നു. റാപ്പ് ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ജനാധിപത്യവിരുദ്ധമാണെന്നും ദളിതർ ഇത്തരം കലാപ്രകടനങ്ങൾ നടത്തേണ്ടതില്ലെന്ന പ്രസ്താവന തിട്ടൂരമാണെന്നും വേടൻ അഭിപ്രായപ്പെട്ടു. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും സാമൂഹ്യ സന്ദേശവുമാണ് ചിലരെ അലോസരപ്പെടുത്തുന്നത്. തന്റെ നിലപാടുകൾക്കെതിരെയുള്ള അക്രമം അതിന്റെ തെളിവാണെന്നും വേടൻ പറഞ്ഞിരുന്നു.
സംഘപരിവാറും ജനാധിപത്യവും തമ്മിൽ പുലബന്ധമില്ല. തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമിക്കുകയാണ്. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ പക്കൽ ഉള്ളതെന്നും വേടൻ കൂട്ടിച്ചേർത്തു.
Post a Comment