തിരുവനന്തപുരം: ആറു വര്‍ഷം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അസാന്നിധ്യത്തിൽ നേമം എംഎൽഎയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവൻകുട്ടിയാണ് റോഡുകൾ ഉദ്ഘാടനം ചെയ്തത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയിൽ നിന്ന് വിട്ടുനിന്നതിൻ്റെ കാരണം വ്യക്തമല്ല. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായും വിവരമുണ്ട്.
സംസ്ഥാനത്ത് ആകെ നവീകരിച്ച 50 റോഡുകൾക്ക് ഒപ്പമാണ് തലസ്ഥാന നഗരത്തിലെ റോഡുകളും ഇന്ന് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണ് നിശ്ചയിച്ചതും പരസ്യം ചെയ്തതും. കരാറുകാരുടെ കെടുകാര്യസ്ഥതയുടേയും സമാനതകളില്ലാത്ത ദുരിതങ്ങളുടേയും രാഷ്ട്രീയ വിവാദങ്ങളുടേയും നാൾവഴികൾ പിന്നിട്ടാണ് തലസ്ഥാന നഗരം സ്മാര്‍ട്ടായത്. കേന്ദ്രവും സംസ്ഥാനവും 500 കോടി രൂപ വീതം മുടക്കിയ പദ്ധതിക്ക് 135 കോടി രൂപ തിരുവനന്തപുരം കോര്‍പറേഷനും ചെലവഴിച്ചിരുന്നു. തലസ്ഥാന നഗരത്തിന്‍റെ മുഖച്ഛായ മാറ്റിയത് റോഡുകളുടെ നവീകരണമാണ്. ഇതിന് മാത്രം മാറ്റിവച്ചത് 200 കോടി രൂപയാണ്. 80 കോടി വീതം കേന്ദ്ര-സംസ്ഥാന വിഹിതവും 40 കോടി നഗരസഭയും ചെലവാക്കി. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിര്‍മ്മിതിയാണ് ലക്ഷ്യമിട്ടത്.
സ്മാര്‍ട് റോഡ് പണി തുടങ്ങിയത് 2019ലാണ്. മുംബൈ ആസ്ഥാനമായ രണ്ട് കമ്പനികൾ സംയുക്തമായാണ് നിർമ്മാണം ഏറ്റെടുത്തത്. എന്നാൽ റോഡ് കുഴിച്ചിട്ടതിന് പിന്നാലെ പണി ഇഴഞ്ഞു, ഒരു വര്‍ഷത്തോളം പണി മുടങ്ങി. കരാര്‍ കമ്പനിക്ക് നൽകിയ 11.44 കോടി രൂപ പെര്‍ഫോമൻസ് ഗ്യാരണ്ടി കണ്ടുകെട്ടി. പൊതുജനം വലഞ്ഞു. കാരാറുകാരുടെ കെടുകാര്യസ്ഥതയെ ചൊല്ലി സിപിഎമ്മിൽ തന്നെ പൊട്ടിത്തെറിയുണ്ടായി. വിവാദങ്ങൾക്കൊടുവിൽ പുതിയ കരാറുകാരെ 2023 ൽ നിയോഗിച്ചു. റോഡ് ഫണ്ട് ബോഡിന്‍റെ മേൽനോട്ടത്തിൽ നഗരത്തിൽ 12 റോഡുകൾ പുനർനിർമിച്ചു. നഗരത്തിലാകെ 28 റോഡുകൾ നവീകരിച്ചു. ആറ് വര്ഷത്തോളം നീണ്ട റോഡ് പണി തീര്‍ന്നതോടെ സ്മാര്‍ട്ട് റോഡിലൂടെ ഇനി തലസ്ഥാനത്ത് സുഖമായി യാത്ര ചെയ്യാം.
Post a Comment