തിരുവനന്തപുരം: താൻ ഏതെങ്കിലും ഒരു സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ലെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സമൂഹത്തിലെ എല്ലാ വിഭാഗം നേതാക്കളുമായും സംസാരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. വെള്ളാപ്പള്ളി പറഞ്ഞതിനോട് ഇപ്പോൾ പ്രതികരിക്കുന്നില്ല. ഡിസിസി പുനസംഘടന ആലോചിച്ച് മാത്രമേ ചെയ്യൂ. കോൺഗ്രസിന്റെ കരുത്ത് അനുഭാവികളാണെന്നും രാഷ്ട്രീയ വെല്ലുവിളികൾ പഠിച്ച് നേരിടുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഗ്രൂപ്പിസം ഇല്ലാതായത് ഏറെ ഗുണകരമാണ്. ഒരു നേതാവും ഇപ്പോൾ ഗ്രൂപ്പിസം പ്രമോട്ട് ചെയ്യുന്നില്ല. കേരളത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടാണ്. പ്രഖ്യാപനം വരുംമുമ്പ് തന്നെ കെ സുധാകരനെ കണ്ടിരുന്നു. സുധാകരനുമായുള്ളത് സഹോദരബന്ധമാണ്. ചെന്നിത്തല വിജയിച്ച പ്രതിപക്ഷ നേതാവ് തന്നെയാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
കേരളം ത്രികക്ഷി രാഷ്ട്രീയത്തിലേക്കാണ് വരുന്നത്. ഇനി കൂടുതൽ ശ്രദ്ധ തദ്ദേശ തെരഞ്ഞെടുപ്പിലാണ്. പിണറായി സർക്കാരിനെ താഴെയിറക്കാൻ കഴിയുമെന്ന പൂർണവിശ്വാസമുണ്ട്. യുഡിഎഫ് ഇന്ന് കൂടുതൽ ശക്തമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സെമി കേഡർ പാർട്ടിയാക്കാനുള്ള ശ്രമം തുടരും. കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന ചടങ്ങിലെ സംഭവം ഒരു പാഠമായിരുന്നു. അത് ആവർത്തിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഉത്തരവാദിത്തം ഏൽപിച്ചതിൽ കടപ്പാട് പാർട്ടി നേതൃത്വത്തോടാണ്. കെപിസിസി അധ്യക്ഷനാകാൻ ഒരു ശ്രമവും നടത്തിയിട്ടില്ല. കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. പിണറായിക്ക് പ്രത്യേകമായി ഒരു ഇമേജും കേരളത്തിൽ ഇല്ല.
യൂത്തിന്‍റെ കരുത്തിൽ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നു. വ്യക്തതയും ആശയ ഉള്ളടക്കവുമുള്ളവരാണ് കോണ്‍ഗ്രസിലെ യുവനേതാക്കള്‍. സുധീരനെയും മുല്ലപ്പള്ളിയെയും സഹകരിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകും. ബിജെപിയെ കേരളത്തിൽ പ്രതിരോധിക്കാൻ സാധിക്കും. ആശയത്തിന്‍റെ കരുത്തിൽ ബിജെപിയെ നേരിടുമെന്നും സണ്ണി ജോസഫ് വിശദമാക്കി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നിയുക്ത കെപിസിസി അധ്യക്ഷന്‍റെ വാക്കുകള്‍.
Post a Comment