കണ്ണൂർ: തെരുവു നായകള്‍ക്ക് ഇനി ക്യുആർ കോഡുള്ള കോളറുകളും. കണ്ണൂരിലാണ് കേരളത്തില്‍ ആദ്യമായി തെരുവുനായ്ക്കള്‍ക്ക് ക്യുആർ കോഡുള്ള കോളറുകള്‍ ഘടിപ്പിക്കുന്നത്.
ഇന്നലെയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. കണ്ണൂർ എസ്‌എൻ കോളേജ് കാംപസില്‍ ജീവിക്കുന്ന അപ്പു, ലൈല എന്നീ നായക്കുട്ടികള്‍ക്കാണ് ആദ്യമായി കോളർ ഘടിപ്പിച്ചത്. അതിനു മുമ്ബായി നായക്കുട്ടികള്‍ക്ക് ബൂസ്റ്റർ കുത്തിവെപ്പ് എടുക്കുകയും ചെയ്തിരുന്നു.
കണ്ണൂരിലെ പീപ്പിള്‍ ഫോർ അനിമല്‍ വെല്‍ഫയർ (പിഎഡബ്ല്യു-പോ) ആണ് പുതിയ പദ്ധതിക്കു പിന്നില്‍. മൃഗസംരക്ഷണ പ്രവർത്തകരും നായസ്നേഹികളും അടങ്ങുന്ന കൂട്ടായ്മയാണ് പിഎഡബ്ല്യു-പോ. കണ്ണൂർ എസ്‌എൻ കോളേജുമായി സഹകരിച്ചാണ് ആദ്യഘട്ടം ചെയ്യുന്നത്. പ്രതിരോധ വാക്സിൻ, വന്ധ്യംകരണമടക്കം ചെയ്ത് കൃത്യമായി നിരീക്ഷിച്ച് തെരുവുനായ്ക്കളുടെ പെറ്റുപെരുകല്‍ നിയന്ത്രിക്കുകയാണ് ലക്ഷ്യം. ക്യൂ ആർ കോഡ് സ്കാൻ ചെയ്താല്‍ നായകളുടെ പേര്, പ്രായം, താമസസ്ഥലം അടക്കമുള്ള വിവരങ്ങള്‍ അറിയാനാകും. ഇതിനു പുറമേ നായകള്‍ കുത്തിവെപ്പിനും വന്ധ്യംകരണത്തിനും വിധേയമായവരാണോ എന്ന വിവരങ്ങളും ലഭ്യമാകും.
കണ്ണൂർ എസ്‌എൻ കോളേജിലും പരിസരത്തുമുള്ള നായകള്‍ക്കാണ് ആദ്യം ക്യുആർ കോഡ് ഘടിപ്പിക്കുന്നത്. ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. കുത്തിവെപ്പ് നടത്തി, വന്ധ്യംകരിച്ചശേഷമാണ് ബെല്‍റ്റ് ധരിപ്പിക്കുക. തെരുവുനായയുടെ പേര്, പ്രായം, കുത്തിവെപ്പ് എടുത്തതാണോ, വന്ധ്യംകരിച്ചതാണോ എന്നതടക്കം ക്യുആർ കോഡില്‍ ലഭിക്കും. ഓരോ തവണയും ഇത് പുതുക്കാം. കുത്തിവെപ്പ് നടത്തിയ കാർഡിന്റെ പിഡിഎഫ് ഫയലടക്കം ഇതില്‍ അപ്‌ലോഡ് ചെയ്യാമെന്ന് കണ്ണൂർ എസ്‌എൻ കോളേജിലെ അസി. പ്രൊഫസറും പിഎഡബ്ല്യു അംഗവുമായ പ്രൊഫ. ആർ.നിതിന്യ പറഞ്ഞു. ഇരുട്ടില്‍ തിളങ്ങുന്ന റിഫ്ളക്ടറും ബെല്‍റ്റിലുണ്ട്.
വർധിക്കുന്ന തെരുവുനായ പ്രശ്നത്തിന് നിയമത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് നടത്തുന്ന മാനുഷിക പ്രതിവിധിയുടെ ഭാഗമായിട്ടാണ് ഇത് ചെയ്യുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. സുഷമ പ്രഭു പറഞ്ഞു. പ്രൊഫ. ആർ.നിതിന്യ, ദീപാ രാമചന്ദ്രൻ, എസ്‌എൻ കോളേജ് പ്രിൻസിപ്പല്‍ ഡോ. കെ.പി.പ്രശാന്ത്, ഡോ. ജയമോഹൻ, ഡോ. സനൂപ്, സീനിയർ ക്ലർക്ക് സി.കെ.രമ്യ, ശിവതീർഥ എന്നിവർ പങ്കെടുത്തു.
Post a Comment